ന്യൂഡൽഹി: വിമാനക്കന്പനികൾ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന ആരോപണവുമായി ശിവസേന. മാഫിയക്കാരെയും ഗുണ്ടകളെയും പോലെയാണ് വിമാനക്കന്പനികളുടെ പെരുമാറ്റം. തീവ്രവാദികളെ വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നു. എന്നാൽ സാധാരണക്കാരെ അനുവദിക്കുന്നില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗായ്‌ക്‌വാഡിന് വിമാനക്കന്പനികൾ യാത്രാനുമതി നിഷേധിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗായ്‌ക്‌വാഡിനു യാത്ര ചെയ്യുന്നതിനു വിലക്കേർപ്പെടുത്താൻ അദ്ദേഹം തീവ്രവാദിയാണോ? തീവ്രവാദികൾ, അധോലോക കുറ്റവാളികൾ, അഴിമതിക്കാർ ഇവർക്കെല്ലാം യാത്ര ചെയ്യാം. എന്നാൽ ഒരു എംപിക്ക്, സാധാരണക്കാരനായ അദ്ദേഹത്തിന് യാത്ര ചെയ്യാനാവില്ല. എന്തു തെറ്റാണ് ഗായ്‌ക്‌വാഡ് ചെയ്തതെന്നും സഞ്ജയ് റൗത്ത് ചോദിച്ചു.

ഗായ്‌ക്‌വാഡിനെതിരെ എഫ്ഐആ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹവും പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയായതിനുശേഷമേ ആരാണ് തെറ്റ് ചെയ്തതെന്നു പറയാനാകൂ. ഈ രാജ്യത്ത് ഇതുവരെ സ്വേച്ഛാധിപത്യം ഇല്ല. ആരുടെയെങ്കിലും സമ്മർദം കൊണ്ടാണോ അവരിത് ചെയ്യുന്നതെങ്കിൽ അധിക നാളത്തേക്ക് ഇത് നിലനിൽക്കില്ലെന്നും സഞ്ജയ് റൗത്ത് വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ഉസ്മാനാബാദിൽ നിന്നു ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഗായ്‌ക്‌വാഡ്. ഇക്കോണമി ക്ലാസ് മാത്രമുള്ള വിമാനത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യണമെന്നായിരുന്നു ഗായ്‌ക്‌വാഡിന്റെ ആവശ്യം. വിമാനം പുണെയിൽ നിന്ന് ഡൽഹിയിൽ ഗായ്‌ക്‌വാഡ് പുറത്തിറങ്ങാൻ തയാറായില്ല. താൻ മേലധികാരികളെ അറിയിക്കുമെന്നു പറഞ്ഞപ്പോഴാണ് ജീവനക്കാരനെ ചെരുപ്പൂരി അടിച്ചത്. 25 തവണ അയാളെ ചെരിപ്പുകൊണ്ട് അടിച്ചുവെന്നു ഗായ്‌ക്‌വാഡ് തന്നെ അവകാശപ്പെടുകയും ചെയ്തിരുന്നു.

വിവാദ സംഭവത്തിനു തൊട്ടുപിന്നാലെ മഹാരാഷ്ട്രയിലെ ഉസ്മാനാബാദിൽ നിന്നുള്ള ശിവസേനാ എംപിയായ രവീന്ദ്ര ഗായ്ക്‌വാഡിനെ ഇനി വിമാനത്തിൽ കയറ്റില്ലെന്ന് വിമാനക്കമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, ജെറ്റ് എയർവെയ്സ്, സ്പൈസ് ജെറ്റ്, ഗോഎയർ എന്നീ വിമാനക്കമ്പനികളാണ് എംപിക്കു വിലക്കേർപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook