ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ ചാനലുകൾ ദേശീയ താൽപര്യവുമുള്ള വിഷയങ്ങളിൽ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നത് 2023 ജനുവരിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നേക്കും. എല്ലാ ദിവസവും 30 മിനിറ്റ് ദൈർഘ്യമുള്ള പരിപാടിയാണ് സംപ്രേഷണം ചെയ്യുക.
ഈ മാസമാദ്യം രാജ്യത്തെ ടെലിവിഷൻ ചാനലുകൾക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റ് ദൈർഘ്യമുള്ള ദേശീയവും പൊതുതാൽപ്പര്യവുമുള്ള വിഷയങ്ങളിൽ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്യണമെന്നത് ഇതിലൂടെ നിർബന്ധമാക്കി.
നവംബർ ഒൻപതിന് രാജ്യത്തുടനീളം മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നെങ്കിലും, പ്രോഗ്രാമുകളുടെ ഉള്ളടക്കം സങ്കൽപ്പിക്കാനും സൃഷ്ടിക്കാനും ചാനലുകൾക്ക് സമയം നൽകുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ (ഐ ആൻഡ് ബി) ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ചാനലുകളുമായും മറ്റു ഓഹരിഉടമകളുമായും നിരവധി റൗണ്ട് ചർച്ചകൾക്കുശേഷമാണ് പ്രോഗ്രോമുകൾ 2023 ജനുവരി ഒന്നു മുതൽ സംപ്രേഷണം ചെയ്യാൻ തീരുമാനമായതെന്ന് വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അതിനുമുമ്പ്, പദ്ധതിക്ക് അന്തിമ രൂപം നൽകുന്നതിനായി മന്ത്രാലയ ഉദ്യോഗസ്ഥരും ഓഹരിഉടമകളും തമ്മിൽ മറ്റൊരു റൗണ്ട് കൂടിക്കാഴ്‌ച നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
പുതിയ മാർഗനിർദേശപ്രകാരം ദിവസവും കുറഞ്ഞത് 30 മിനിറ്റ് ദൈർഘ്യമുള്ള ദേശീയവും പൊതുതാൽപ്പര്യവുമുള്ള വിഷയങ്ങളിൽ ചാനലുകൾ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്യണം. ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി ചാനലുകൾക്ക് വിദ്യാഭ്യാസം, കൃഷി, ആരോഗ്യവും കുടുംബക്ഷേമവും, സയൻസ് ആൻഡ് ടെക്നോളജി, സ്ത്രീകളുടെ ക്ഷേമം തുടങ്ങിയവ അടക്കം എട്ട് തീമുകൾ നൽകിയിട്ടുണ്ട്. മാർഗനിർദേശത്തിൽ ഒഴിവാക്കിയതായി പ്രത്യേകം സൂചിപ്പിച്ചവ ഒഴികെയുള്ള എല്ലാ ചാനലുകൾക്കും ഈ നിബന്ധന ബാധകമാണ്.