ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിനെതിരെയുള്ള അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ജൂണ്‍ അഞ്ച് വരെ പാടില്ലെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി. എയര്‍സെല്‍-മാക്‌സിസ് കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതിയുടെ നിര്‍ദ്ദേശം.

കേസില്‍ അറസ്റ്റില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ചിദംബരം കോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിഗ്വിയുമാണ് ചിദംബരത്തിനായി കോടതിയില്‍ ഹാജരായത്. അടുത്ത മാസം അഞ്ചിനാണ് വിഷയത്തില്‍ അടുത്തവാദം കേള്‍ക്കുന്നത്.

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂണ്‍ അഞ്ചിനകം നിലപാട് വ്യക്തമാക്കാനും ജസ്റ്റിസ് ഒ.പി.സെയ്‌നി ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള യാതൊരു നടപടിയും അടുത്ത മാസം അഞ്ചാം തീയതി വരെ കൈക്കൊള്ളരുതെന്നാണ് കോടതിയുടെ ഉത്തരവ്. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്ന് ചിദംബരത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഎന്‍ എക്സ് ഇടപാടുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ഫെബ്രുവരി മാസം അറസ്റ്റിലായിരുന്നു. കേസില്‍ സിബിഐ ചിദംബരത്തിനെതിരെയും നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്.

അതേസമയം, ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മാര്‍ച്ച് 30 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരേയും അദ്ദേഹം ഹാജരായില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. നേരത്തെ കാര്‍ത്തി ചിദംബരത്തിനെതിരായ കേസുകളില്‍ ജൂണ്‍ 10 വരെ നടപടികള്‍ ഡല്‍ഹി കോടതി തടഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ