മെൽബൺ: ഓസ്ട്രേലിയയിൽ നിന്നും മലേഷ്യയിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനം അടിയന്തിരമായി തിരച്ചിറക്കി. പറന്നുയർന്ന ശേഷം വിമാനത്തിന് കുലുക്കം അനുഭവപ്പെട്ടത്തിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരനായ ഒരാൾ കുലുക്കത്തിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഓസ്ട്രേലിയയിലെ പെർത്ത് വിമാനത്താവളത്തിൽ നിന്നും ക്വാലാലംപൂരിലേക്ക് പുറപ്പെട്ട എയർബസ് എ330 നാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. യാത്ര ആരംഭിച്ച് 90 മിനിറ്റുകൾക്ക് ശേഷമായിരുന്നു ഇത്. ഇതോടെ യാത്ര ആരംഭിച്ച പെർത്ത് വിമാനത്താവളത്തിൽ തന്നെ വിമാനം തിരിച്ചിറക്കി.

“സാങ്കേതിക തകരാറുകൾ പൈലറ്റ് തിരിച്ചറിഞ്ഞതോടെയാണ് വിമാനം തിരിച്ചിറക്കിയതെ”ന്ന് വിമാനക്കമ്പനിയുടെ വക്താവ് പിന്നീട് സ്ഥിരീകരിച്ചു.

ഈ മാസം ഇത് രണ്ടാം തവണയാണ് ഓസ്ട്രേലിയയിൽ നിന്ന് പറന്നുയർന്ന മലേഷ്യൻ വിമാനം തിരിച്ചിറക്കുന്നത്. നേരത്തേ ജൂൺ ഒന്നിന് യാത്രക്കാരൻ കോക്‌പിറ്റിൽ കയറി ബോംബ് ഭീഷണി ഉയർത്തിയതിനെ തുടർന്ന് മലേഷ്യൻ ജെറ്റ് വിമാനം മെൽബൺ വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. പറന്നുയർന്ന് 30 മിനിറ്റുകൾക്ക് ശേഷമായിരുന്നു നാടകീയ സംഭവങ്ങൾ.

ഭീഷണി ഉയർത്തിയ യാത്രക്കാരന്റെ മാനസിക നിലയിൽ പ്രശ്നങ്ങളുള്ളതായാണ് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ. ഓസ്ട്രേലിയക്കാരൻ എന്ന് തോന്നിക്കുന്ന 25 കാരനെ യാത്രക്കാർ എല്ലാവരും ചേർന്ന് പിന്നീട് സീറ്റിൽ പിടിച്ചുകെട്ടി. മെൽബണിൽ നിന്ന് ക്വാലാലംപൂരിലേക്ക് പറന്ന എംഎച്ച് 118 വിമാനമാണ് അടിയന്തിര സാഹചര്യത്തിൽ തിരിച്ചിറക്കിയത്.

വിമാനം തിരിച്ചിറക്കിയ ഉടൻ തന്നെ വിമാനത്താവള പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. “സംയമനത്തോടെ പെരുമാറി, വിമാനം സുരക്ഷിതമായി താഴെയിറക്കിയ വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും വീരകൃത്യത്തെ അഭിനന്ദിക്കുന്നതാ”യി പൊലീസ് പിന്നീട് വ്യക്തമാക്കി.

സംഭവത്തിന് പിന്നിൽ തീവ്രവാദി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. എന്റെ കയ്യിൽ ബോംബുണ്ട്, ഞാനീ വിമാനം തകർക്കും എന്നാണ് പ്രതി കോക്പിറ്റിൽ കയറി അലറി വിളിച്ചത്. യാത്രക്കാർ ഉടൻ തന്നെ ഇയാളെ സീറ്റിൽ പിടിച്ചുകെട്ടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ