അവിശ്വസനീയമായ നിരക്കിൽ വിമാനടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഏഷ്യ വിമാനക്കമ്പനി. 99 രൂപ അടിസ്ഥാന ടിക്കറ്റ് നിരക്കാണ് നവംബർ 19 വരെയുള്ള ബിഗ് സെയിലിന്റെ ഭാഗമായി എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.
2018 മെയ് 7 മുതൽ 2019 ജനുവരി 31 വരെയുള്ള ടിക്കറ്റുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത റൂട്ടുകളിലാണ് ടിക്കറ്റുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഓരോ റൂട്ടിലും എത്ര ടിക്കറ്റുകൾ ഉണ്ട് എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം റൂട്ട് തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എത്ര സീറ്റുകൾ ഈ വിഭാഗത്തിൽ അവശേഷിക്കുന്നുണ്ടെന്നത് യാത്രക്കാരന് വ്യക്തമാകും.
എയർ ഏഷ്യ വെബ്സൈറ്റ് വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കഴിഞ്ഞ രണ്ട് വർഷമായി വിമാനക്കമ്പനികളും നിരക്കുകൾ കുറച്ച് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ പരസ്പരം മത്സരിക്കുന്നുണ്ട്. 99 എന്ന അടിസ്ഥാന വില മാത്രമാണ്. ഭുവനേശ്വർ നിന്നും റാഞ്ചിയിലേക്കാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുള്ളത്. 403 രൂപ.
ഭുവനേശ്വർ-കൊൽക്കത്ത (507), റാഞ്ചി-കൊൽക്കത്ത (571), കൊച്ചി-ബെംഗളൂരു(764) എന്നിവയാണ് മറ്റ് കുറഞ്ഞ നിരക്കുകൾ. അതേസമയം കൊൽക്കത്തയിൽ നിന്ന് റാഞ്ചിയിലേക്കും ഭുവനേശ്വറിലേക്കുമുള്ള വിമാനടിക്കറ്റിന് 1001 രൂപ നൽകണം.
ഗോവ-ബെംഗളൂരു 1087, ഗുവാഹത്തി – ഇംഫാൽ 1096, ഹൈദരാബാദ്-ബെംഗളൂരു 1061, ശ്രീനഗർ-ന്യൂഡൽഹി 1099, ഹൈദരാബാദ്-കൊച്ചി 1289, ഗോവ-ഹൈദരാബദ് 1297 തുടങ്ങിയ ടിക്കറ്റുകളും ലഭ്യമാണ്.
പുതിയ ടിക്കറ്റ് ബുക്കിങ്ങിന് മാത്രമേ ഈ ഇളവ് ലഭിക്കൂ. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ മുഴുവൻ തുകയും അടയ്ക്കണം. യാത്രക്കാർക്ക് ഈ തുക തിരികെ ലഭിക്കില്ല. പിന്നീട് യാത്രക്കാരന്റെ പേര് മാറ്റാനും സാധിക്കില്ല.