ബെംഗളൂരു: പുൽവാമ ആക്രമണത്തിന് ബാലാകോട്ട് ഭീകരതാവളം ആക്രമിച്ച് ഇന്ത്യ തിരിച്ചടി നൽകിയത് ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടമാകുമെന്ന് ബിഎസ് യെഡിയൂരപ്പ. കർണാടകത്തിൽ ആകെയുളള 28 ലോക്‌സഭ സീറ്റിൽ 22 ഉം ബിജെപി വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ ദിനം പിന്നിടുമ്പോഴും കാറ്റ് ബിജെപിക്ക് അനുകൂലമായിക്കൊണ്ടിരിക്കുകയാണെന്ന് യെഡിയൂരപ്പ പറഞ്ഞു. “പാക്കിസ്ഥാനിൽ ചെന്ന് ഭീകര താവളം ആക്രമിച്ചതോടെ രാജ്യമൊട്ടാകെ മോദിക്ക് അനുകൂലമാണ് സാഹചര്യം. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും കാണാനാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണം യുവാക്കളെ ആവേശം കൊളളിച്ചിരിക്കുകയാണെന്നും ഇതിലൂടെ 22 സീറ്റുകൾ നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിൽ ബിജെപിക്ക് ഇപ്പോൾ 16 ലോക്‌സഭ സീറ്റുകളാണ് ഉളളത്. കോൺഗ്രസിന് പത്തും ജെഡിഎസിന് രണ്ടും എംപിമാരുണ്ട്. ഇക്കുറി ജെഡിഎസും കോൺഗ്രസും സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

പുൽവാമയിലുണ്ടായ ആക്രമണത്തിന് ജെയ്ഷെ മുഹമ്മദിന്റെ ബാലാകോട്ട് താവളത്തിലാണ് ഇന്ത്യ തിരിച്ചടി നൽകിയത്. നിരവധി ഭീകരർ ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരം.  ജെയ്ഷെ മുഹമ്മദ് വീണ്ടും ഇന്ത്യയിൽ ആക്രമണം നടത്തുമെന്ന് വിശ്വസിക്കാവുന്ന കേന്ദ്രങ്ങളിൽ നിന്ന് രഹസ്യ വിവരം ലഭിച്ചിരുന്നതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook