ന്യൂഡല്‍ഹി:ഡല്‍ഹി രാജ്യതലസ്ഥാന മേഖലകളില്‍ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ച് ആം ആംആദ്മി സര്‍ക്കാര്‍. വകുപ്പുകളുടെയും വിപണികളുടെയും പുതുക്കിയ സമയക്രമീകരണങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
സെന്‍ട്രല്‍ ഏയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം)നിര്‍ദേശിച്ച മാര്‍ഗ്ഗങ്ങള്‍ മേഖലയില്‍ നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ഡല്‍ഹിയിലെ വായു മോശമാകുന്നുവെന്ന് സിഎക്യുഎം കണ്ടെത്തിയിട്ടുണ്ട്. ഇതിനുള്ള നിര്‍ദേശങ്ങളും അവര്‍ നല്‍കിയിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിനായി എല്ലാത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റ പണികളും നിരോധിച്ചിട്ടുണ്ട് ഗോപാല്‍ റായ് പറഞ്ഞു. നേരത്തെ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു എന്നാല്‍ ഇപ്പോഴും മലിനീകരണ തോത് നഗരത്തില്‍ മോശം അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
”ഗതാഗതം, എംസിഡി, ഡിപിസിസി (ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി), നിര്‍മാണ ഏജന്‍സികള്‍, മറ്റുള്ളവ എന്നിവരുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തുകയും ബിഎസ്-6 പാലിക്കാത്ത എല്ലാ ഡീസല്‍ ട്രക്കുകളുടെയും ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെയും പ്രവേശനം നിരോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അവശ്യസാധനങ്ങള്‍, സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍, കാറുകള്‍, ആംബുലന്‍സുകള്‍, ഫയര്‍ ടെന്‍ഡറുകള്‍ തുടങ്ങിയ എമര്‍ജന്‍സി വാഹനങ്ങള്‍ മാത്രമേ ഡല്‍ഹിയിലേക്ക് കടത്തിവിടൂ,” മന്ത്രി പറഞ്ഞു.
മലിനീകരണത്തെ പ്രതിരോധിക്കാനുള്ള നടപടികളെല്ലാം വിജയകരമായി നടപ്പിലാക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്‌പെഷ്യല്‍ കമ്മീഷണര്‍ ചെയര്‍മാനായി ഗതാഗത വകുപ്പ്, ഡിപിസിസി, ഡല്‍ഹി ട്രാഫിക് പോലീസ് എന്നിവയില്‍ നിന്നുള്ള രണ്ട് അംഗങ്ങള്‍ വീതമുള്ള ഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ട്.