ലണ്ടന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി. ലണ്ടനിലാണ് വിമാനം ഇറക്കിയത്. മുംബൈയില്‍ നിന്ന് ന്യൂജഴ്‌സിയിലെ നെവാര്‍ക്കിലേക്ക് പോകുകയായിരുന്ന ‘എഐ 191’ വിമാനമാണ് സുരക്ഷാ നടപടികളുടെ ഭാഗമായി താഴെയിറക്കിയത്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ലണ്ടനിലെ സ്റ്റാന്‍ഡ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ബ്രിട്ടീഷ് വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ലാന്‍ഡിങ് സമയത്ത് എയര്‍ ഇന്ത്യ വിമാനത്തെ അനുഗമിച്ചു.

Read Also: ‘ഭർത്താവ് സഞ്ചരിച്ചിരുന്ന വിമാനം കാണാതായത് അറിയാതെ പൈലറ്റിന്റെ ഭാര്യ ഡ്യൂട്ടി തുടർന്നു’

എയര്‍ ഇന്ത്യ വിമാനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് തങ്ങളുടെ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ എയര്‍ഇന്ത്യ വിമാനത്തിന് അടുത്ത് എത്തുകയും  ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയും ചെയ്തുവെന്ന് ബ്രിട്ടീഷ് വ്യോമസേനാ  ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

“AI 191 Mumbai-Newark of June 27 has made a precautionary landing at London’s Stansted airport due to a bomb threat,” – എയർലെെൻസ് ട്വീറ്റ് ചെയ്തിരിക്കുന്നു.

അതേസമയം, രാവിലെ 10.15 ഓടെയാണ് വിമാനം ഇറങ്ങിയതെന്ന് സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ലാന്‍ഡ് ചെയ്ത വിമാനം സുരക്ഷാപരിശോധനയ്ക്കായി പ്രധാന ടെര്‍മിനലില്‍ നിന്നും മാറ്റിയിരിക്കുകയാണ്. വിമാനത്താവളത്തിലേയും രാജ്യാന്തര ടെര്‍മിനലിലെയും പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുകയാണെന്നും വിമാനത്താവള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook