ന്യൂഡല്‍ഹി: മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനയില്‍ സഹ പൈലറ്റ് പങ്കെടുക്കാതിരുന്നതിന്റെ പേരില്‍ എയര്‍ ഇന്ത്യാ വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തിരികെ വിളിച്ചിറക്കി. ഡല്‍ഹിയില്‍നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഎല്‍-332 വിമാനമാണ് തിരികെ വിളിച്ചത്. രാവിലെ മറ്റൊരു മുതിര്‍ന്ന പൈലറ്റ് ക്യാപ്റ്റന്‍ കാത്പാലിയ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ലണ്ടനിലേക്കുളള യാത്രയ്ക്കിടെ അദ്ദേഹത്തെ തിരികെ വിളിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എഎല്‍-332 വിമാനവും തിരികെ വളിച്ചത്. വിമാനത്തില്‍ പോകേണ്ടിയിരുന്ന യാത്രക്കാര്‍ മണിക്കൂറുകളോളം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി. പറന്നുയര്‍ന്ന് 36 മിനിറ്റിനുള്ളിലാണ് വിമാനം തിരികെയിറങ്ങിയത്.
വിമാനം തിരിച്ചിറക്കിയതിനെ തുടര്‍ന്ന് നാല് മണിക്കൂറോളമാണ് യാത്രക്കാര്‍ വിമാനത്തില്‍ ഇരിക്കേണ്ടിവന്നത്. വിമാനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളമുണ്ടാക്കുകയും ചെയ്തു. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുന്‍പ് മുതല്‍ വിമാന ജീവനക്കാര്‍ ഒരു തരത്തിലുമുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുതെന്നാണ് നിയമം. ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി ജീവനക്കാര്‍ ലഹരി പരിശോധനയ്ക്ക് വിധേയരാവുകയും വേണം.