ന്യൂഡൽഹി: എയർ ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി തുടരുകയാണെന്നും 58000 കോടി കടമുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി. സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ എയർ ഇന്ത്യ പൂട്ടേണ്ടി വരുമെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
അതേസമയം ശമ്പളക്കുടിശികയുടെ പേരിൽ പൈലറ്റുമാർ കമ്പനിയിൽനിന്ന് പിരിഞ്ഞുപോയെന്ന വാർത്ത മന്ത്രി നിഷേധിച്ചു. വൈകാതെ തന്നെ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
“തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിച്ചായിരിക്കും എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം. ഇതുമൂലം ഒരാൾക്കു പോലും തൊഴിൽ നഷ്ടമാകില്ല.ധനകാര്യമന്ത്രാലയത്തിൽനിന്ന് എയർ ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നില്ല. ഇതുമൂലം സ്വകാര്യവൽക്കരണമല്ലാതെ മറ്റു വഴികളില്ല,” ഹർദീപ് സിങ് പൂരി പറഞ്ഞു.
സെപ്റ്റംബറിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ധനമന്ത്രി നിർമല സീതാരമൻ, റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി എന്നിവർ യോഗം ചേർന്നിരുന്നു. എയർ ഇന്ത്യയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു യോഗം. ഉദ്യോഗസ്ഥ തലത്തിൽ ഇതുസംബന്ധിച്ച് സസൂക്ഷ്മം പരിശോധിച്ചുവരികയാണെന്നും ഇത് പൂർത്തിയായാലുടൻ സർക്കാർ കരാർ ക്ഷണിക്കുമെന്നും നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.
മാർച്ചിനുള്ളിൽ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം പൂർത്തിയാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ അറിയിച്ചിരുന്നു. ബിപിസിഎൽ ഉൾപ്പടെയുള്ള കമ്പനികൾക്കൊപ്പം എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിനും കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.