ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ചെന്ന ആരോപണം തള്ളി പ്രതി ശങ്കര്‍ മിശ്ര. ഡല്‍ഹി കോടതിയിലാണ് ശങ്കര്‍ മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്.
“പരാതിക്കാരിയുടെ മേല്‍ ഞാന്‍ മൂത്രമൊഴിച്ചിട്ടില്ല”, മിശ്ര കോടതിയോട് പറഞ്ഞു.
നടപടി അശ്ലീലപരമാണെന്ന വസ്തുതയില്‍ നിന്ന് താന്‍ ഒഴിഞ്ഞുമാറുന്നില്ലെന്ന് പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് മിശ്രയുടെ മലക്കം മറിച്ചില്‍.
കേസിന്റെ അന്വേഷണത്തെ വെറും തമാശയാണെന്നാണ് മിശ്രയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് രമേഷ് ഗുപ്ത വിശേഷിപ്പിച്ചത്. യുവതിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടെന്നും സ്വയം മൂത്രമൊഴിച്ചിട്ട് കുറ്റം മിശ്രയുടെ മേൽ ചാർത്തുകയായിരുന്നെന്നും അഭിഭാഷകന് ആരോപിച്ചു.
“ഞാനല്ല പ്രത്രി. മറ്റാരെങ്കിലും ഉണ്ടായിരിക്കണം. അവര്‍ തന്നെയാണ് മൂത്രമൊഴിച്ചത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചില രോഗങ്ങളുണ്ട് പരാതിക്കാരിക്ക്. അവരുടെ ഇരിപ്പിടത്തിലേക്ക് ആർക്കും പോകാൻ പറ്റാത്ത തരത്തിലായിരുന്നു സംവിധാനം. അവളുടെ സീറ്റിലേക്ക് പിന്നിൽ നിന്ന് മാത്രമേ സമീപിക്കാനാകൂ. പരാതിക്കാരന്റെ പിന്നിൽ ഇരിക്കുന്ന യാത്രക്കാരൻ ഇത്തരത്തിലുള്ള ഒരു പരാതിയും ഉന്നയിച്ചിട്ടില്ല,” അഭിഭാഷകൻ ഗുപ്ത കോടതിയെ അറിയിച്ചു.
“മൂത്രമൊഴിക്കുന്നതിനേക്കാൾ വലിയ പ്രശ്നം സിപ്പ് അഴിക്കുന്നതാണ്. തീർച്ചയായും ഇത്തരമൊരു കാര്യത്തിലൂടെ കടന്നുപോകുന്നത് അംഗീകരിക്കാനാകില്ല. എന്നാൽ ഒരു പൊതുസ്ഥലത്ത് ഒരാൾ സ്വയം അൺസിപ്പ് ചെയ്യുമ്പോൾ, അതിന് ഒരു പ്രേരണ ഉണ്ടാകും,” ബുധനാഴ്ച മിശ്രയുടെ ജാമ്യാപേക്ഷയിൽ അദ്ദേഹത്തിന്റെ അഭിഭാഷകന് മനു ശർമ പറഞ്ഞു.
മിശ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.