ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു. എയർബസിൽ നിന്നുള്ള 250 വിമാനങ്ങളും 220 ബോയിങ് ജെറ്റുകള്‍ക്കുമാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഒരു എയര്‍ലൈന്‍ കമ്പനി നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്.
17 വർഷത്തിനിടെ ഇതാദ്യമായാണ് എയർ ഇന്ത്യ വിമാനങ്ങള്‍ക്കായി ഓർഡർ നൽകുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതിന് ശേഷം നൽകുന്ന ആദ്യ ഓർഡർ കൂടിയാണിത്.
എയർബസിൽ നിന്ന് 250 വിമാനങ്ങൾ വാങ്ങുന്ന കാര്യം ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനാണ് സ്ഥിരീകരിച്ചത്. ഇതിൽ 40 വൈഡ് ബോഡിഎ 350 വിമാനങ്ങളും 210 നാരോ ബോഡി വിമാനങ്ങളും ഉൾപ്പെടും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഒരു വെർച്വൽ ഇവന്റിനിടെ, വൈഡ് ബോഡി വിമാനങ്ങൾ അൾട്രാ ലോങ് ഫ്ലൈറ്റുകൾക്കായി ഉപയോഗിക്കുമെന്ന് ചന്ദ്രശേഖരൻ വിശദീകരിച്ചു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തമാക്കുന്നതാണ് നടപടിയെന്നും ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
“ഇന്ത്യയുടെ വികസനത്തിന്റെ അവിഭാജ്യ ഘടകമാണ് സിവിൽ ഏവിയേഷൻ മേഖല. സിവിൽ ഏവിയേഷൻ മേഖലയെ ശക്തിപ്പെടുത്തുക എന്നത് നമ്മുടെ ദേശീയ അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു പ്രധാന ഭാഗമാണ്,” മോദിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
വ്യോമയാന മേഖലയില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറുമെന്നും മോദി അവകാശപ്പെട്ടു. അടുത്ത 15 വർഷത്തിനുള്ളിൽ 2,000 വിമാനങ്ങൾ ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022 ജനുവരിയിൽ സർക്കാരിൽ നിന്ന് എയർ ഇന്ത്യയെ ഏറ്റെടുത്തതു മുതൽ, ടാറ്റ ഗ്രൂപ്പ് കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്.
എയര്‍ ഇന്ത്യ അവസാനമായി ഓര്‍ഡര്‍ നല്‍കിയത് 2005-ലാണ്. അന്ന് 111 വിമാനങ്ങള്‍ക്കായിരുന്നു ഓര്‍ഡര്‍ നല്‍കിയിരുന്നത്.