ന്യൂഡല്‍ഹി: സര്‍വര്‍ തകരാര്‍ മൂലം എയര്‍ ഇന്ത്യ സര്‍വീസുകള്‍ തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3.30 മുതലുള്ള സര്‍വീസുകളാണ് തടസപ്പെട്ടത്. സര്‍വര്‍ തകരാറുകള്‍ മൂലമാണ് സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളും തടസപ്പെട്ട അവസ്ഥയിലാണ്. എയർ ഇന്ത്യയുടെ ‘സിത’ എന്ന സർവറാണ് തകരാറിലായത്.

സര്‍വര്‍ തകരാറിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തടസപ്പെട്ട എയര്‍ ഇന്ത്യ സര്‍വീസ് ഉടൻ സാധാരണ നിലയിലാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സര്‍വര്‍ തകരാര്‍ പൂര്‍ണ്ണമായും പരിഹരിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. പുലര്‍ച്ചെ 3.30 മുതലാണ് സര്‍വീസുകള്‍ തടസപ്പെട്ടത്. അതേസമയം, മണിക്കൂറുകളായി വിമാനത്താവളങ്ങളില്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ പ്രതിഷേധിച്ചു. സര്‍വര്‍ തകരാര്‍ പരിഹരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. തിരുവനന്തപുരത്തും നെടുമ്പാശേരിയിലും യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇന്ന് വെെകീട്ടോടെ സർവീസ് സാധാരണ നിലയിലാകും.

ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരാതി അറിയിക്കുന്നുണ്ട്. എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കിയ അവസ്ഥയിലാണ് ഇപ്പോള്‍. എന്നാല്‍, എയര്‍പോര്‍ട്ടുകളിലെത്തിയ യാത്രക്കാര്‍ മണിക്കൂറുകളായി കാത്തിരിപ്പിലാണ്.

ആയിരത്തോളം യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. എയര്‍പോര്‍ട്ടില്‍ മണിക്കൂറുകളോളം കാത്തിരുന്ന പലരും സര്‍വീസ് പുനരാരംഭിക്കാത്തതിനെ തുടര്‍ന്ന് മടങ്ങി പോയതായും റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരത്തും സർവീസ് താറുമാറായി.

സർവർ തകരാറ് മൂലമാണ് സർവീസുകൾ നടക്കാത്തതെന്നും തകരാർ പരിഹരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നതായും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook