ന്യൂഡൽഹി: എയർ ഇന്ത്യ ജീവനക്കാരനെ തല്ലിയ ശിവസേന എംപിക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് എയർ ഇന്ത്യ നീക്കി. എംപിക്ക് എതിരായ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രവ്യോമയേന മന്ത്രാലയം എയർ ഇന്ത്യക്ക് കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് നീക്കിക്കൊണ്ട് എംപിക്ക് ടിക്കറ്റ് നൽകാമെന്ന് എയർ ഇന്ത്യ അറിയിച്ചത്.

മാർച്ച് 23 നായിരുന്നു ശിവസേന എംപി രവീന്ദ്ര ഗായ്‌ക്‌വാഡ് വിമാനത്തിൽ വച്ച് മലയാളിയായ ജീവനക്കാരനെ മർദ്ദിച്ചത്. പുണെയിൽനിന്നു ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ ഐ 852 വിമാനത്തിലാണു സംഭവമുണ്ടായത്. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയ ഗായ്‌ക്‌വാഡിന് ആ ക്ലാസ് ലഭിച്ചില്ല. ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നു. ഇത് അദ്ദേഹത്തെ കോപിതനാക്കി. ജീവനക്കാരുമായി തർക്കം ഉണ്ടായി. വിമാനം ഡൽഹിയിൽ എത്തിയിട്ടും ഗായ്‌ക്‌വാഡ് പുറത്തിറങ്ങാൻ തയാറായില്ല. ഗായ്‌ക്‌വാഡിനെ അനുനയിപ്പിച്ചു പുറത്തിറക്കാൻ ശ്രമിക്കവേയാണ് എയർ ഇന്ത്യയുടെ ഡപ്യൂട്ടി മാനേജരായ സുകുമാരനു (60) മർദനമേറ്റത്. ഗായ്‌ക്‌വാഡ് സുകുമാരനെ ചെരിപ്പൂരി കരണത്തടിക്കുകയായിരുന്നു. 25 തവണ താൻ അടിച്ചുവെന്നു ഗായ്‌ക്‌വാഡ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്ന് വന്നത്. എയർ ഇന്ത്യയെക്കൂടാതെ ഇൻഡിഗോ എയർവെയ്സും എംപിക്ക് ടിക്കറ്റ് അനുവദിക്കാതെ പ്രതിഷേധിച്ചിരുന്നു.

വ്യോമയേന കമ്പനികൾ അപ്രാഖ്യാപിത വിലക്ക് തുടർന്നതോടെ എംപി പാർലമെന്റിൽ മാപ്പ് പറഞ്ഞിരുന്നു. ദൗർഭാഗ്യകരമായ സംഭവമായിപ്പോയി എന്നും തനിക്കിതിൽ ദു:ഖമുണ്ട് എന്നും രവീന്ദ്ര ഗായ്‌ക്‌വാഡ് പറഞ്ഞിരുന്നു. 2014ൽ ഡൽഹി മഹാരാഷ്ട്ര സദനിൽ ഭക്ഷണം മോശമായതിന്റെ പേരിൽ അതു വിതരണം ചെയ്തയാളുടെ വായിൽ ഗായ്‌ക്‌വാഡ് ചപ്പാത്തി തിരുകിയതു വൻ വിവാദമായിരുന്നു. റമസാൻ നോമ്പ് അനുഷ്ഠിച്ചിരുന്നയാളോടാണ് എംപി പരാക്രമം കാട്ടിയത്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംപിയാണു ഗായ്‌ക്‌വാഡ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ