ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിലെ അലര്‍ലാന്‍ഡ വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു. വിമാനത്തില്‍ 179 യാത്രക്കാര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരുക്കുകളില്ല.

ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ചിറക് അഞ്ചാം ടെര്‍മിനലിലെ കെട്ടിടത്തിലിടിക്കുകയായിരുന്നു. എന്നാല്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

‘വിമാനത്തിലുണ്ടായിരുന്ന 179 യാത്രക്കാരെയും മൊബൈല്‍ സ്റ്റെയര്‍കേസ് വഴി പുറത്തിറക്കി ടെര്‍മിനലില്‍ എത്തിക്കുകയായിരുന്നു,’ പൊലീസിനെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ എഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകട കാരണം എന്തെന്ന് വ്യക്തമല്ലെന്നും പൊലീസ് പറയുന്നു. അഞ്ചാം ടെര്‍മിനലില്‍ നിന്നും 50 മീറ്റര്‍ അകലെവച്ചാണ് അപകടം നടന്നത്.

ഡല്‍ഹിയില്‍ നിന്നെത്തിയ ബോയിങ് വിമാനം റണ്‍വേയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. അതിന് വശത്തുണ്ടായിരുന്ന കെട്ടിടത്തിലാണ് വിമാനത്തിന്റെ ചിറക് ഇടിച്ചത്. ഉടന്‍ തന്നെ അഗ്നിശമന സേന അപകട സ്ഥലത്തെത്തി.

ഒരാഴ്ച മുമ്പ്, 136 യാത്രക്കാരുമായി ദുബായിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വച്ച് മതിലില്‍ ഇടിച്ചതിനെ തുടര്‍ന്ന് അടിഭാഗത്തും ലാന്‍ഡിങ് ഗിയറിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പിന്നീട് അപകടം ഒഴിവാക്കാനായി മുംബൈയിലേക്ക് വിമാനം തിരിച്ചുവിടുകയായിരുന്നു. ആര്‍ക്കും അപകടം സംഭവിച്ചിരുന്നില്ല. അതിന് പിന്നാലെയാണ് പുതിയ സംഭവം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook