ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പൂനെയിലേക്ക് പോയ എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് റദ്ദാക്കി. പൂനെ വിമാനത്താവളത്തിൽ വിമാനം ലാന്റ് ചെയ്യുന്നതിനിടെയാണ് പക്ഷിയിടിച്ചത്. ഇതേ തുടർന്ന് വലിയ അപകടം ഒഴിവായി.

വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റിയതോടെ ഡൽഹിയിലേക്ക് തിരിച്ച് പോകേണ്ട 128 യാത്രക്കാർക്കും അധികൃതർ മറ്റൊരു വിമാനത്തിൽ യാത്രാസൗകര്യം ഒരുക്കി.

ശനിയാഴ്ച വൈകിട്ട് 6.50 ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം രാത്രി ഒൻപത് മണിയോടെയാണ് പൂനെ വിമാനത്താവളത്തിൽ ലാന്റ് ചെയ്തത്.

പക്ഷി ഇടിച്ച്, അധികം വൈകാതെ തന്നെ വിമാനത്തിൽ നിന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കിയിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അധികൃതർ പിന്നീട് അറിയിച്ചു.

അടുത്ത കാലത്തായി പക്ഷികൾ വിമാനത്തിൽ ഇടിക്കുന്ന സംഭവങ്ങൾ കൂടി വരുന്നതായാണ് വിമാനത്താവള അധികൃതരുടെ കണക്കുകൾ. വർഷം പത്ത് കോടിയോളം രൂപ ഈ വിധത്തിൽ വിമാനക്കന്പനികൾക്ക് നഷ്ടപ്പെടുന്നതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ