ന്യൂഡല്‍ഹി: മദ്യപിച്ചാണ് വിമാനം പറത്താന്‍ എത്തിയതെന്ന് പരിശോധനയില്‍ വ്യക്തമായതോടെ എയര്‍ ഇന്ത്യ പൈലറ്റിനെതിരെ നടപടി. ഡയറക്ടര്‍ ഓഫ് ഓപ്പറേഷന് ചുമതലയില്‍ നിന്നും അരവിന്ദ് കഠ്പാലിയയെ ആണ് പുറത്താക്കിയത്. മൂന്ന് വര്‍ഷത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും ഇന്നലെ അദ്ദേഹത്തിന് വിലക്കേർപ്പെടുത്തി.
നിരന്തരം കുറ്റം ചെയ്യുന്ന ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പറത്തേണ്ടിയിരുന്നത് കഠ്പാലിയ ആയിരുന്നു.
പൈലറ്റ് മദ്യപിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് മറ്റൊരു പൈലറ്റിനെ വരുത്തിയാണ് യാത്ര തുടര്‍ന്നത്. വിമാനം ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.
വിമാനം പറത്തുന്നതിന് 12 മണിക്കൂര്‍ മുന്‍പ് വരെ പൈലറ്റ് ആല്‍ക്കഹോള്‍ അടങ്ങിയ ഒരു തരത്തിലുള്ള പാനീയവും കഴിക്കരുതെന്നാണ് നിയമം. വിമാനം പറത്തുന്നതിന് മുന്‍പും ശേഷവും ഈ പരിശോധന നടത്താറുണ്ട്. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ മൂന്ന് മാസത്തേക്ക് ഫ്ലൈയിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയാണ് പതിവ്. രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷത്തേക്കാണ് സസ്പെന്ഷന്. മൂന്നാം തവണ ആവര്‍ത്തിച്ചാല്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും.