ന്യൂഡല്‍ഹി: പാരീസ് -ന്യൂഡല്‍ഹി വിമാനത്തില്‍ യാത്രക്കാര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ നടപടി എടുക്കാത്തതില്‍ എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ. വിമാനത്തില്‍ നടന്ന രണ്ട് സംഭവങ്ങളില്‍ എയര്‍ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഡിജിസിഎ അറിയിച്ചു.
ജീവനക്കാരുടെ വിലക്ക് അവഗണിച്ച് മദ്യപിച്ചെത്തിയ യാത്രക്കാരന് ടോയ്ലറ്റില് നിന്ന് പുകവലിച്ചതായിരുന്നു ആദ്യത്തെ സംഭവം. രണ്ടാമത്തെ സംഭവത്തില്‍ ഒരു യാത്രക്കാരി വാഷ് റൂമില്‍ പോയപ്പോള്‍ ഒഴിഞ്ഞ സീറ്റിലും പുതപ്പിലും സഹയാത്രികന് മൂത്രമൊഴിച്ചതുമാണ്. 2022 ഡിസംബര്‍ 6 ന് പാരീസ്-ന്യൂ ഡല്‍ഹി വിമാനത്തിലാണ് രണ്ട് സംഭവങ്ങളും നടന്നത്
‘05.01.2023 ന് ഡിജിസിഎ എയര്‍ലൈന്‍ അധികൃതരില്‍ നിന്ന് സംഭവത്തില്‍ വിശദീകരണം തേടുന്നത് വരെ എയര്‍ ഇന്ത്യ സംഭവം റിപ്പോര്‍ട്ട് ചെയ്തില്ല. 06.01.2023-ലെ ഇമെയില്‍ വഴി എയര്‍ ഇന്ത്യ നല്കിയ മറുപടി പരിശോധിച്ചതില്‍ യാത്രക്കാരനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ വെളിപ്പെടുന്നു. എയര്‍ലൈനിന്റെ പ്രതികരണം തൃപ്തികരമല്ലാത്തതും വൈകി ലഭിച്ചതുമാണെന്ന്’ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു
തങ്ങളുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് എന്തുകൊണ്ട് യാത്രക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന് ചോദിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യ മാനേജര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. എന്നിരുന്നലും സ്വാഭാവിക നീതിയെന്ന നിലയില്‍ സംവത്തില്‍ മറുപടി നല്കാന് ഡിസിജിഎ എയര്‍ ഇന്ത്യയ്ക്ക് രണ്ടാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്, അധികൃതരുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും ഡിസിജിഎ പ്രസ്താവനയില്‍ പറഞ്ഞു.