കാഠ്മണ്ഡു: എയര്‍ ഇന്ത്യയുടെയും നേപ്പാള്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയ സംഭവത്തില്‍ മൂന്ന് എയര്‍ലൈന്‍സ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് നേപ്പാള്‍ (സിഎഎഎന്‍). മുന്നറിയിപ്പ് സംവിധാനങ്ങളിലൂടെ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചതാണ് വെള്ളിയാഴ്ച വലിയ ദുരന്തം ഒഴിവായത്. സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കിയതായി അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് നേപ്പാള്‍ (സിഎഎഎന്‍) എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വിഭാഗത്തിലെ മൂന്ന് ജീവനക്കാരെ അശ്രദ്ധ ചൂണ്ടികാണിച്ച് സസ്‌പെന്‍ഡ് ചെയ്തതായി സിഎഎഎന്‍ വക്താവ് ജഗന്നാഥ് നിരൗള പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന നേപ്പാള്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ-320 വിമാനവും ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനവും ഏറെക്കുറെ കൂട്ടിയിക്കലിന്റെ വക്കിലെത്തുകയായിരുന്നു.
എയര്‍ ഇന്ത്യ വിമാനം 19,000 അടിയില്‍ നിന്ന് താഴേക്ക് ഇറങ്ങുമ്പോള്‍ നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 15,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു നിരൗള പറഞ്ഞു. രണ്ട് വിമാനങ്ങളും അടുത്തടുത്താണെന്ന് റഡാറില്‍ തെളിഞ്ഞതോടെ നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനം 7,000 അടിയിലേക്ക് താഴ്ന്നതായി വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സംഭവസമയത്ത് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെയാണ് സിഎഎഎന്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ എയര്‍ ഇന്ത്യയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.