ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഡൽഹിയിൽ നിന്നും എയർ ഇന്ത്യയുടെ ജംബോ വിമാനം പുറപ്പെട്ടു. ഡോക്ടർമാരടങ്ങുന്ന പ്രത്യേക സംഘമാണ് ഹുബെ പ്രവിശ്യയിലെ വുഹാനിലെ വുഹാൻ നഗരത്തിലേക്ക് തിരിച്ചിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മുംബൈയിൽ നിന്നെത്തിയ ബോയിങ് 747 ഡൽഹിയിലെത്തുകയും പിന്നീട് ഡൽഹിയിൽ നിന്നും വുഹാനിലേക്ക് തിരിക്കുകയുമായിരുന്നു. ഡൽഹിയിൽ നിന്നും വുഹാനിലേക്ക് ആറ് മണിക്കൂർ യാത്ര ചെയ്യണം. നിലവിൽ വുഹാനിൽ 325ഓളം ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നതെന്നും ഇവരെ തിരിച്ചെത്തിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Read More: കൊറോണ വൈറസ്: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

യാത്രാ സംഘത്തിൽ രണ്ട് ഡോക്ടർമാരുണ്ട്. വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. മാസ്കുകള്‍, ഗ്ലൗസുകള്‍, മരുന്ന് എന്നിവ കരുതിയിട്ടുണ്ട്. ഓരോ സീറ്റിലും ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ട്. പ്രത്യേക മെഡിക്കൽ കിറ്റുകൾ തയ്യാറാക്കിയതിന് ശേഷമാണ് വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്.

അതേസമയം കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉന്നതതല യോഗം ഇന്നും നടക്കും. സംസ്ഥാനത്തെ സ്ഥിതി ഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്നത്തോടെ 12 പുതിയ ലാബുകൾ കൂടി.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പതിനെട്ടോളം രാജ്യങ്ങളിലായി 7,818 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈന ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാല്‍, ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസംബർ അവസാനത്തോടെയാണ് കൊറോണ വൈറസ് ബാധയെ കുറിച്ച് ചൈന ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തൊട്ടാകെ 7818 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 7736 കേസുകളും ചൈനയിൽ തന്നെയാണ്. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം മരണ സംഖ്യ 170 ആണ്. ചൈനയ്ക്ക് പുറത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook