ന്യൂഡല്‍ഹി: 470 വിമാനങ്ങള്‍ വാങ്ങാന്‍ ഓർഡർ നൽകിയതിനുപിന്നാലെ ഈ വര്‍ഷം 4,200-ലധികം ക്യാബിന്‍ ക്രൂവിനെയും 900 പൈലറ്റുമാരെയും നിയമിക്കാനുള്ള സുപ്രധാന നീക്കവുമായി എയര്‍ ഇന്ത്യ. പൈലറ്റുമാരെയും മെയിന്റനൻസ് എൻജിനീയർമാരെയും നിയമിക്കുന്നത് വേഗത്തിലാക്കാനും ടാറ്റ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള എയർ ഇന്ത്യ ലക്ഷ്യമിടുന്നു.
ബോയിംഗില്‍നിന്നും എയര്‍ബസില്‍ നിന്നും 70 വൈഡ് ബോഡി വിമാനങ്ങള്‍ ഉള്‍പ്പെടെ 470 വിമാനങ്ങള്‍ വാങ്ങാന്‍ എയർ ഇന്ത്യ അടുത്തിടെയാണ് ഓർഡർ നൽകിയത്. 2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ലൈന്‍ 36 വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനും പദ്ധതിയിടുന്നു, അവയില്‍ രണ്ട് ബി 777-200 എല്‍ആര്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ വിമാനങ്ങള്‍ ഉൾപ്പെടുത്തുകയും ആഭ്യന്തര, അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങള്‍ അതിവേഗം വിപുലീകരിക്കുകയും ചെയ്യുന്നതിനാല്‍ 2023-ല്‍ 4,200 ക്യാബിന്‍ ക്രൂ ട്രെയിനികളെയും 900 പൈലറ്റുമാരെയും നിയമിക്കാന്‍ പദ്ധതിയിടുന്നതായി എയര്‍ ഇന്ത്യ ഇന്നു പ്രസ്താവനയില്‍ പറഞ്ഞു.
2022 മേയ് മുതല്‍ 2023 ഫെബ്രുവരി വരെ, എയര്‍ലൈന്‍ 1,900-ലധികം ക്യാബിന്‍ ക്രൂവിനെ നിയമിച്ചു. ”കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ (ജൂലൈ 2022 മുതല്‍ ജനുവരി 2023 വരെ) 1,100-ലധികം ക്യാബിന്‍ ക്രൂവിന് പരിശീലനം ലഭിച്ചിട്ടുണ്ട്, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഏകദേശം 500 ക്യാബിന്‍ ക്രൂവിനെ സജ്ജമാക്കിയിട്ടുണ്ട്,” എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.
പുതുപുത്തന്‍ പ്രതിഭകളുടെ കൂട്ടിച്ചേര്‍ക്കല്‍ എയര്‍ലൈനിലെ സാംസ്‌കാരിക പരിവര്‍ത്തനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ പൈലറ്റുമാരെയും മെയിന്റനന്‍സ് എഞ്ചിനീയര്‍മാരെയും നിയമിക്കുന്നത് വേഗത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് എയര്‍ ഇന്ത്യ ഇന്‍ഫ്‌ളൈറ്റ് സര്‍വീസസ് ഹെഡ് സന്ദീപ് വര്‍മ പറഞ്ഞു
സുരക്ഷയും സേവന വൈദഗ്ധ്യവും നല്‍കുന്നതിനായി ക്യാബിന്‍ ക്രൂവിന് 15 ആഴ്ചത്തെ പ്രോഗ്രാം സംഘടിപ്പിക്കും. കൂടാതെ മികച്ച ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റിയും ടാറ്റ ഗ്രൂപ്പ് സംസ്‌കാരവും മാതൃകയാക്കാന്‍ അവരെ പരിശീലിപ്പിക്കും. പരിശീലന പരിപാടിയില്‍ മുംബൈയിലെ എയര്‍ലൈനിന്റെ പരിശീലന കേന്ദ്രത്തില്‍ വിപുലമായ ക്ലാസ് റൂം, ഇന്‍-ഫ്‌ലൈറ്റ് പരിശീലനവും ഉള്‍പ്പെടുമെന്ന് പ്രസ്താവന പറയുന്നു.