ന്യൂഡല്‍ഹി: പാസഞ്ചര്‍ സര്‍വീസ് സിസ്റ്റം പ്രൊവൈഡറായ സിറ്റയ്ക്കുനേരെ ഫെബ്രുവരിയിലുണ്ടായ സൈബര്‍ ആക്രമണത്തില്‍ എയര്‍ ഇന്ത്യയുടേത് ഉള്‍പ്പെടെ 45 ലക്ഷം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു. ലോകമെമ്പാടുമുള്ള യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.
പേര്, ജനനത്തീയതി, വിലാസം, പാസ്പോര്‍ട്ട് വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ ചോര്‍ന്നതായി ഇതുസംബന്ധിച്ച എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. 2011 ഓഗസ്റ്റ് 11 നും 2021 ഫെബ്രുവരി മൂന്നിനും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത നിശ്ചിത എണ്ണം യാത്രക്കാരുടെ വിവരങ്ങളാണു ചോര്‍ന്നത്.
സിറ്റയ്ക്കു നേരെയുണ്ടായ സൈബര്‍ ആക്രമണം ലോകമെമ്പാടുമുള്ള, എയര്‍ ഇന്ത്യയുടേത് ഉള്‍പ്പെയുള്ള 45 ലക്ഷം യാത്രക്കാരുടെ ഡേറ്റയെ ”ബാധിച്ചു”വെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സിറ്റ.
Also Read: ന്യൂനമർദം ഇന്ന് രൂപപ്പെടും; കാലവർഷം ആൻഡമാനിലെത്തി
”ഞങ്ങളും ഞങ്ങളുടെ ഡേറ്റ കൈകാര്യം ചെയ്യുന്നവരും പരിഹാര നടപടികള്‍ തുടരുകയാണ്… യാത്രക്കാരുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാധകമായ ഇടങ്ങളിലെല്ലാം പാസ്‌വേർ ഡുകള്‍ മാറ്റാന്‍ പ്രോത്സാഹിപ്പിക്കും,” പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണങ്ങള്‍ നടക്കുന്നതായും യാത്രക്കാരുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍വേണ്ട നടപടികള്‍ സ്വീകരിച്ചതായും എയര്‍ഇന്ത്യ അറിയിച്ചു. സംഭവത്തിനുശേഷം അനധികൃത പ്രവര്‍ത്തനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സിറ്റ സ്ഥിരീകരിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു.