ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ഇറാനിയാൻ വ്യോമപാത ഒഴിവാക്കി എയർ ഇന്ത്യ. ഇന്ന് രാവിലെ ഉക്രെനിയൻ വിമാനം തകർന്ന് 176 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വ്യോമപാത മാറ്റൻ വിദേശകാര്യ മന്ത്രാലയം എയർ ഇന്ത്യയോട് നിർദേശിച്ചത്. ഈ തീരുമാനം യൂറോപ്പ് ഉൾപ്പടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് പറക്കുന്ന എയർ ഇന്ത്യ വിമാനങ്ങൾക്ക് 20-40 മിനിറ്റ് വരെ വൈകാൻ സാധ്യതയുണ്ട്.

“ഇറാൻ വ്യോമാതിർത്തിയിലെ സംഘർഷങ്ങളുടെ വെളിച്ചത്തിൽ ഇറാനിലൂടെ കടന്നു പോകുന്ന എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിടാൻ തീരുമാനിച്ചിട്ടുണ്ട്.” എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ്​ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാഖിലേക്കും ഇറാനിലേക്കും വ്യോമാതിർത്തി ഒഴിവാക്കുന്നതിനായി പ്രധാന അന്താരാഷ്ട്ര വിമാനക്കമ്പനികൾ ബുധനാഴ്ച സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യൻ നാവികസേന ഗൾഫ് മേഖലയിലെ സ്ഥിതി നിരീക്ഷിച്ചുവരുകവ വരുകയാണ്.

ഓസ്ട്രേലിയൻ വിമാന കമ്പനിയായ ക്വാൻറാസ്​ ലണ്ടനിലേക്കും പെർത്തിലേക്കുമുള്ള വിമാനങ്ങളുടെ വ്യോമപാത മാറ്റിയിട്ടുണ്ട്​. വ്യോമപാതയിലെ മാറ്റം മൂലം യാത്രാസമയം 50 മിനിട്ട്​ വരെ കൂടുമെന്ന്​ ക്വാൻറാസ്​ വ്യക്​തമാക്കി. മലേഷ്യ എയർലൈൻസ്​, സിംഗപ്പൂർ എയർലൈൻസ്​ എന്നിവരും വ്യോമപാത മാറ്റിയിട്ടുണ്ട്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook