തിരുച്ചി: പറന്നുയരുന്നതിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട വിമാനം എയർ ട്രാഫിക് കൺട്രോൾ കോംപൗണ്ടിന്റെ മതിൽ ഇടിച്ചു തകർത്തു. തിരുച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിനിടെയായിരുന്നു സംഭവമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

തിരുച്ചിയിൽനിന്നും ദുബായിലേക്ക് 136 യാത്രക്കാരുമായി വിമാനം പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. മതിലിൽ ഇടിച്ചത് അറിയാതെ വിമാനം ഉയർന്നു പൊങ്ങി. പിന്നീടാണ് ഈ വിവരം പൈലറ്റിനെ അറിയിച്ചത്. ഉടൻതന്നെ വിമാനം മുംബൈയിലെ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. വിമാനം മുംബൈയിലെ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചുവെങ്കിലും പറക്കാൻ യോഗ്യമല്ലെന്ന് വ്യക്തമായി. ഇതോടെ മറ്റൊരു വിമാനത്തിൽ മുംബൈയിൽനിന്നും യാത്രക്കാരെ ദുബായിലേക്ക് അയയ്ക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർ ഇന്ത്യ വിമാന സർവീസുകളുടെ സുരക്ഷ ഉറപ്പു വരുത്താൻ എയർ ഇന്ത്യ ബോർഡിന്റെ കീഴിൽ സബ് കമ്മിറ്റിയെ രൂപീകരിച്ചതായി വ്യോമയാന മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ