മുംബൈ: മലയാളിയായ വിമാന ജീവനക്കാരനെ ചെരുപ്പൂരി അടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്‍വാദിന്റെ ടിക്കറ്റ് എയർ ഇന്ത്യ വീണ്ടും റദ്ദാക്കി. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഗെയ്ക്ക്‌വാദിന് എയർഇന്ത്യ ടിക്കറ്റ് നിഷേധിക്കുന്നത്.

മുംബയിൽ നിന്ന് ഡൽഹിയിലേക്ക് പോകാനാണ് അദ്ദേഹം ടിക്കറ്റിന് അപേക്ഷിച്ചത്. എ.ഐ806 വിമാനത്തിന്റെ ടിക്കറ്റ് ഒരു കാൾ സെന്റർ വഴിയാണ് എം.പി റിസർവ് ചെയ്യാൻ ശ്രമിച്ചത്. എന്നാല്‍ എംപിക്ക് ടിക്കറ്റ് നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച്ച രാവിലെ പുണെയിൽനിന്നു ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ ഐ 852 വിമാനത്തിലാണു സംഭവമുണ്ടായത്. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയ ഗെയ്‌ക്ക്‌വാദിന് ആ ക്ലാസ് ലഭിച്ചില്ല. ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നു. ഇത് അദ്ദേഹത്തെ പ്രകോപിതനാക്കി. ജീവനക്കാരുമായി തർക്കം ഉണ്ടായി.

വിമാനം ഡൽഹിയിൽ എത്തിയിട്ടും ഗെയ്‌ക്ക്‌വാദ് പുറത്തിറങ്ങാൻ തയാറായില്ല. ഗെയ്‌ക്ക്‌വാദിനെ അനുനയിപ്പിച്ചു പുറത്തിറക്കാൻ ശ്രമിക്കവേയാണ് എയർ ഇന്ത്യയുടെ ഡപ്യൂട്ടി മാനേജരായ സുകുമാരനു (60) മർദനമേറ്റത്. ഗെയ്‌ക്ക്‌വാദ് സുകുമാരനെ ചെരിപ്പൂരി കരണത്തടിക്കുകയായിരുന്നു. 25 തവണ താൻ അടിച്ചുവെന്നു ഗെയ്‌ക്ക്‌വാദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും എംപിക്കെതിരെ രണ്ടു പരാതികൾ വിമാനക്കന്പനി നൽകിയിട്ടുണ്ട്. എംപിയെ എയർ ഇന്ത്യ കരിന്പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 2014ൽ ഡൽഹി മഹാരാഷ്ട്ര സദനിൽ ഭക്ഷണം മോശമായതിന്റെ പേരിൽ അതു വിതരണം ചെയ്തയാളുടെ വായിൽ ഗെയ്ക്ക്‌വാദ് ചപ്പാത്തി തിരുകിയതു വൻ വിവാദമായിരുന്നു. റമസാൻ നോമ്പ് അനുഷ്ഠിച്ചിരുന്നയാളോടാണ് എംപി പരാക്രമം കാട്ടിയത്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംപിയാണു ഗെയ്ക്ക്‌വാദ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ