ചിക്കാഗോ: എയർ ഇന്ത്യ ജീവനക്കാർ താമസിക്കുന്ന ഹോട്ടലിൽ പ്രേത ശല്യമെന്ന് റിപ്പോർട്ടുകൾ. എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ താമസിക്കുന്ന ചിക്കാഗോയിലെ താമസസ്ഥലമായ ഹോട്ടലില്‍ അസ്വാഭാവിക അനുഭവങ്ങളുണ്ടായെന്നാണ് ജീവനക്കാരുടെ പരാതി. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും ഭീതിജനകവുമായ കാര്യങ്ങള്‍ സംഭവിക്കുന്നതായാണ് ജീവനക്കാര്‍ പറയുന്നത്. വാര്‍ത്താ ഏജന്‍സി എഎന്‍ഐ ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹോട്ടലില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും വിവരിക്കാനാകാത്തതുമായ സംഭവങ്ങള്‍ക്കാണ് സാക്ഷ്യംവഹിക്കേണ്ടിവരുന്നതെന്ന് എയര്‍ ഇന്ത്യയുടെ ഒരു ജീവനക്കാരന്‍ പറയുന്നു. വാതിലുകള്‍ കൊട്ടിയടയ്ക്കുക, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക തുടങ്ങിയയാണ് ഹോട്ടലിൽ ജീവനക്കാര്‍ നേരിടുന്നത്. ഇതെല്ലാം പ്രേതത്തിന്റെ ലക്ഷണങ്ങളാണെന്നും ഇവർ പറയുന്നു.

പ്രേതപ്പേടി കാരണം ഒറ്റയ്ക്ക് കിടക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ഒന്നിലധികം ജീവനക്കാര്‍ ഒരുമിച്ചാണ് മുറിയില്‍ കഴിയുന്നത്. രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കാത്തതിനാലും മാനസിക പിരിമുറുക്കം മൂലവും ജോലിയില്‍ ശ്രദ്ധിക്കാനാകുന്നില്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നതായി കത്തില്‍ പറയുന്നു.

എയര്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഹോട്ടലില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുകയാണ്. ഒരിക്കല്‍ ഹോട്ടലില്‍ കഴിയാന്‍ ഇടവന്നവര്‍ പിന്നീട് ചിക്കാഗോയിലേയ്ക്കുള്ള വിമാനങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാവുന്നില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് വിഷയത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

അതേസമയം, ഇത്തരമൊരു കത്ത് ലഭിച്ചതായും വിഷയം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ചിക്കാഗോയിലെ ഓഫീസുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook