ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ഫൊട്ടോയുളള ബോർഡിങ് പാസ് പിൻവലിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. ഇരുവരുടെയും ഫൊട്ടോ ബോർഡിങ് പാസിൽ പതിച്ചത് വിവാദമായതോടെയാണ് നടപടി.

പഞ്ചാബ് മുൻ ഡിജിപി ശശി കാന്ത് ആണ് ന്യൂഡൽഹി വിമാനത്താവളത്തിൽ തനിക്ക് ലഭിച്ച ബോർഡിങ് പാസിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ബോർഡിങ് പാസിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രം വന്നതിനെ അദ്ദേഹം വിമർശിച്ചിരുന്നു.

ജനുവരിയിൽ വിബ്രന്ത് ഗുജറാത്ത് സമ്മേളന സമയത്താണ് ബോർഡിങ് പാസുകൾ പ്രിന്റ് ചെയ്തതെന്നാണ് എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ വിവാദങ്ങളോട് പ്രതികരിച്ചത്. ”തേർഡ് പാർട്ടി പരസ്യത്തിന്റെ ഭാഗമായിട്ടുളളതായിരുന്നു ഫൊട്ടോകൾ. എയർ ഇന്ത്യക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഗുജറാത്തിൽ മാത്രമല്ല, രാജ്യത്താകമാനം ഈ ബോർഡിങ് പാസ് ഉപയോഗിക്കുന്നുണ്ട്. പെരുമാറ്റ ചട്ട ലംഘനം കണ്ടെത്തിയാൽ പാസുകൾ പിൻവലിക്കും,” കുമാർ പറഞ്ഞു.

മാർച്ച് 20 ന് പ്രധാനമന്ത്രിയുടെ ഫൊട്ടോയുളള ടിക്കറ്റുകൾ റെയിൽവേ പിൻവലിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook