ന്യൂഡൽഹി: സസ്യാഹാരികളായ യാത്രക്കാർക്കു മാംസാഹരം വിളമ്പിയെന്ന പരാതിയിൽ എയർ ഇന്ത്യയ്ക്ക് 47,000 രൂപ പിഴ വിധിച്ച് പഞ്ചാബ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. മൊഹാലിക്കാരായ ദമ്പതികൾക്കാണ് എയർ ഇന്ത്യ മാംസാഹാരം നൽകി എന്ന് ആരോപണം.

മൊഹാലി സ്വദേശിയായ ചന്ദ്രമോഹൻ പഥക്കാണ് എയർ ഇന്ത്യയ്‌ക്കെതിരെ പരാതി നൽകിയത്. 2016 ജൂൺ 17നു താനും ഭാര്യയും ന്യൂഡൽഹിയിൽനിന്ന് ചിക്കാഗോയിലേക്കും 2016 നവംബർ 14ന് തിരിച്ച് ചിക്കാഗോയിൽനിന്നു ന്യൂഡൽഹിയിലേക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇരുവരും സസ്യാഹാരികളാണെന്നു പ്രത്യേകമായി എയർലൈൻസ് അധികൃതരോട് പറഞ്ഞിരുന്നു.

Read More: തോമസ് കുക്കിന്റെ യാത്രക്കാരെ തിരികെയെത്തിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ

ചിക്കാഗോയിലേക്കുള്ള യാത്രയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ മടക്കയാത്രയിൽ തങ്ങൾക്കു മാംസാഹാരം നൽകിയെന്നുമാണ് ചന്ദ്രമോഹൻ പഥക്കിൻ്റെ പരാതി.

സസ്യ, സസ്യേതര ഭക്ഷണങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ പാക്കറ്റുകളിൽ ചിഹ്നങ്ങളില്ലാതിരുന്നതിനാൽ ഉടൻ ക്യാബിൻ ക്രൂവുമായി ബന്ധപ്പെടുകയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഉടൻ രേഖാമൂലമുള്ള പരാതി രജിസ്റ്റർ ചെയ്യാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞെങ്കിലും അധികൃതർ പരാതി പുസ്തകം നൽകിയില്ല. തുടർന്ന് ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകുകയായിരുന്നുവെന്നു ചന്ദ്ര മോഹൻ പഥക് പറയുന്നു.

ജില്ലാ ഉപഭോക്തൃ ഫോറം എയർ ഇന്ത്യയോട് 10,000 രൂപ പിഴയടയ്ക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. 7,000 രൂപ പരാതിക്കാർക്കു നിയമ ചെലവുകൾക്കായി നൽകാനും നിർദേശിച്ചു. ഇതിനെതിരെ എയർ ഇന്ത്യ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു. പിഴത്തുക നാലിരട്ടിയായി വർദ്ധിപ്പിച്ച സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ 7,000 രൂപ നിയമപരമായ ചെലവുകൾക്കായി പരാതിക്കാരന് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

സസ്യാഹാരികളായ യാത്രക്കാർക്കു മാംസാഹാരം നൽകുന്നതു വഴി എയർ ഇന്ത്യ സേവനങ്ങളിൽ അപര്യാപ്തത കാണിക്കുക മാത്രമല്ല, ദൈവത്തിന്റെ കണ്ണിലും ഇത് പാപമാണെന്നും വിമാനക്കമ്പനിയെ ശാസിച്ചുകൊണ്ട് സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ പറഞ്ഞു. യാത്രക്കാരുടെ മതപരമായ വികാരങ്ങൾ വ്രണപ്പെടുത്തിയെന്നും കമ്മിഷൻ നിരീക്ഷിച്ചു.

ഉത്തരവിന്റെ പകർപ്പ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ പിഴത്തുക കെട്ടിവയ്ക്കണമെന്ന് എയർ ഇന്ത്യയോട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook