മുംബൈ: യാത്രക്കാരിയുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച എയര്‍ ഹോസ്റ്റസിന് ജെറ്റ് എയര്‍വെയ്സിന്റെ വിശിഷ്ട സേവയ്ക്കുളള പുരസ്കാരം. അമ്മയുടെ കൈയില്‍ നിന്നും വഴുതിപ്പോയ കുഞ്ഞിനെയാണ് തറയില്‍ ചാടി വീണ് എയര്‍ഹോസ്റ്റസ് രക്ഷിച്ചത്. കുട്ടിയെ കൈയില്‍ താങ്ങിയെടുത്ത ജീവനക്കാരി മുഖമടിച്ചാണ് വീണത്. ഇവരുടെ മുഖത്ത് നിസാരമായ പരുക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ മാസം മുംബൈ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാവ് ഇത് സംബന്ധിച്ച് ജെറ്റ് എയര്‍വേയ്സിന് കത്ത് എഴുതിയപ്പോള്‍ മാത്രമാണ് എയര്‍ഹോസ്റ്റസിന്റെ പ്രവൃത്തി പുറംലോകമറിഞ്ഞത്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ഗുലാഫ ഷൈഖിന്റെ കൈയില്‍ 10 മാസം പ്രായമുളള ആണ്‍കുഞ്ഞ് കൂടി ഉണ്ടായിരുന്നു. സുരക്ഷാ പരിശോധനയ്ക്ക് അടുത്ത് കുഞ്ഞിനേയും എടുത്ത് നിന്നപ്പോഴാണ് അബദ്ധവാശാല്‍ കുഞ്ഞ് കൈയില്‍ നിന്നും വഴുതി താഴേക്ക് വീണത്. എന്നാല്‍ നിലത്ത് വീഴുന്നതിന് മുമ്പ് മിഥാന്‍ഷി വൈദ്യ എന്ന ജീവനക്കാരി ചാടി വീണ് കുട്ടിയെ കൈയില്‍ എടുത്തു.
‘ആ പെണ്‍കുട്ടി അവരുടെ ജീവന്‍ പോലും വകവെയ്ക്കാതെയാണ് ചാടി വീണ് എന്റെ കുഞ്ഞിനെ രക്ഷിച്ചത്. അവരുടെ മുഖത്ത് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലപ്പോള്‍ ഒരിക്കലും മായാത്ത പാടാവണം അവരുടെ മൂക്കി് മുകളില്‍ ഉണ്ടായത്. ഒരു എയര്‍ ഹോസ്റ്റസ് എന്ന നിലയില്‍ അവരുടെ ജോലിയെ തന്നെ മുഖത്തെ ഈ പാട് ബാധിച്ചേക്കാം’, ഗുലാഫ ഷൈഖ് ജെറ്റ് എയര്‍വേസിന് എഴുതിയ കത്തില്‍ പറയുന്നു. ‘മാലാഖ’ എന്നാണ് ഇവര്‍ മിഥാഷയെ കത്തിലുടനീളം വിവരിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയുടെ എംഡിയാണ് ഗുലൈഫ. മറ്റൊരു സ്വകാര്യ കമ്പനിയുടെ വിമാനത്തില്‍ യാത്ര ചെയ്യാനായിരുന്നു അന്ന് ഗുലൈഫ വിമാനത്താവളത്തിലെത്തിയത്.
‘ആ പെണ്‍കുട്ടിയോട് മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍, അത് കമ്പനി പോളിസിക്ക് എതിരാണെന്നാണ് പുഞ്ചിരിച്ച് നിഷ്കളങ്കതയോടെ അവള്‍ പറഞ്ഞത്. എനിക്ക് അവളൊരു മാലാഖയാണ്. വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷമാണ് എനിക്ക് കുഞ്ഞുണ്ടായത്. ആ കുഞ്ഞിനെയാണ് അവള്‍ രക്ഷിച്ചത്. മറ്റൊരു രീതിയിലാണ് അവളോട് നന്ദി എനിക്ക് രേഖപ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍ ‘നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ കടി ഉള്‍പ്പെടുത്തു’ എന്നായിരുന്നു അവള്‍ പറഞ്ഞത്’, ഗുലാഫ കത്തില്‍ പറയുന്നു. സംഭവത്തില്‍ എയര്‍ഹോസ്റ്റസിനെ അഭിനന്ദിച്ച് ജെറ്റ് എയര്‍വേസ് പ്രസ്താവന ഇറക്കി. കൂടാതെ വിശിഷ്ട സേവനത്തിനുളള പുരസ്കാരവും മിഥാന്‍ഷിക്ക് കമ്പനി നല്‍കി.