ന്യൂഡൽഹി: പാക്കിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) രഹസ്യ വിവരങ്ങൾ കൈമാറിയതിന് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഡൽഹിയിലെ ഇന്ത്യൻ എയർഫോഴ്സ് ഹെഡ്‌ക്വാർട്ടേഴ്സിലെ ഗ്രൂപ്പ് ക്യാപ്റ്റൻ അരുൺ മർവാഹ (51) ആണ് അറസ്റ്റിലായത്.

സോഷ്യൽ മീഡിയയിലൂടെയാണ് ഇയാൾ ഐഎസ്ഐയ്ക്ക് വിവരങ്ങൾ കൈമാറിയത്. ഇയാൾക്കെതിരെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രകാരമുളള കുറ്റങ്ങൾ ചുമത്തി. 7 വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.

ഫെയ്സ്ബുക്കിലൂടെ 2 ഐഎസ്ഐ ഏജന്റുകൾ സ്ത്രീയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഏതാനും മാസങ്ങൾക്കുമുൻപ് അരുൺ മർവാഹയുമായി സൗഹൃദത്തിലായതെന്നാണ് വിവരം. ഇരുവരും വാട്സ്ആപ്പിലൂടെ മർവാഹയുമായി നിരന്തരം ചാറ്റ് ചെയ്തു. ഇയാളുമായി അടുപ്പത്തിലായശേഷം രഹസ്യ രേഖകൾ ആവശ്യപ്പെട്ടു. വാട്സ്ആപ്പിലൂടെ അവർ ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും മർവാഹ അയച്ചു കൊടുത്തിരുന്നതായാണ് അടുത്ത വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

ഏതാനും ആഴ്ചകൾക്കു മുൻപാണ് അരുൺ മർവാഹ വാട്സ്ആപ്പിലൂട വിവരങ്ങൾ കൈമാറുന്നതായി മുതിർന്ന എയർഫോഴ്സ് ഉദ്യോഗസ്ഥന് വിവരം ലഭിച്ചത്. ഇതിനുപിന്നാലെ ഇന്റേണൽ ഇൻവെസ്റ്റിഗേഷന് നിർദ്ദേശം നൽകി. മർവാഹ വിവരങ്ങൾ കൈമാറുന്നതായി കണ്ടെത്തി. 10 ദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ് മർവാഹ കുറ്റം സമ്മതിച്ചത്. ഇതോടെ ഡൽഹി പൊലീസിനെ വിവരം അറിയിച്ചു.

ഇന്നലെയാണ് മർവാഹയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, അറസ്റ്റിനെക്കുറിച്ചുളള വിവരം ഇന്ത്യൻ എയർഫോഴ്സ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ