ന്യൂഡൽഹി: സൈനിക നീക്കങ്ങൾക്ക് ഏത് സമയത്തും തയ്യാറായിരിക്കണമെന്ന നിർദ്ദേശവുമായി വ്യോമസേന തലവൻ എയർ ചീഫ് മാർഷൽ ബി.എസ്.ധനോയുടെ ഉത്തരവ്. സൈനിക നീക്കത്തിനുള്ള അറിയിപ്പ് ലഭിച്ചാൽ വളരെ വേഗം സൈനിക നീക്കത്തിന് തയ്യാറായിരിക്കണമെന്ന് വ്യോമ സേനയിലെ ഓരോ അംഗത്തിനും അയച്ച വ്യക്തിപരമായ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ഇദ്ദേഹം വ്യോമസേന തലവൻ ആയി ചുമതലയേറ്റ് മൂന്നാമത്തെ മാസത്തിലാണ് ഇത്തരമൊരു കത്ത് നൽകിയത്. സേനയ്ക്കകത്തെ പക്ഷപാതിത്വവും ലൈംഗിക അതിക്രമങ്ങളും തുടങ്ങി പല വിഷയങ്ങളും സൈനിക മേധാവി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 12000 ലധികം വ്യോമസേനാംഗങ്ങൾക്കാണ് ഇത് അയച്ചുകൊടുത്തത്.

ഇതാദ്യമായാണ് വ്യോമസേന തലവൻ നേരിട്ട് എല്ലാം സൈനികർക്കും കത്തയക്കുന്നത്. നേരത്തേ കരസേനയുടെ മുൻ മേധാവി കരിയപ്പ 1950 മെയ് 1 നും, പിന്നീട് മറ്റൊരു ജനറലായ കെ.സുന്ദർജി 1986 ഫെബ്രുവരി ഒന്നിനും കരസേനയിലെ മുഴുവൻ സൈനികർക്കും കത്തയച്ചിരുന്നു.

“രാജ്യം ഭീഷണി നേരിടുന്നുണ്ടെന്നും, സൈനിക നീക്കമുണ്ടായാൽ അധികം സമയം എടുക്കാതെ എന്തിനും തയ്യാറായിരിക്കണമെന്നു”മാണ് സൈനിക മേധാവി നൽകിയിരിക്കുന്ന കത്തിൽ പറയുന്നത്. പാക്കിസ്ഥാനിൽ നിന്ന് നേരിടുന്ന യുദ്ധ ഭീഷണികളും ജമ്മു കാശ്മീരിൽ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള നിരന്തരമായ കലാപ നീക്കങ്ങളുമാണ് ഈ സംശയം ഉയർത്തിയിരിക്കുന്നത്.

വ്യോമസേനയിലെ 42 വിഭാഗങ്ങൾക്കാണ് യുദ്ധവിമാനങ്ങൾ അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ 33 വിഭാഗങ്ങളിൽ മാത്രമേ വിമാനങ്ങളുള്ളൂ. 36 റാഫേൽ ഫൈറ്റർ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് വാങ്ങുന്നുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച തേജസ് ഫൈറ്റർ വിമാനങ്ങളും അടുത്ത മിഗ് സീരീസിലേക്ക് ഉൾപ്പെടുത്തുന്നുണ്ട്.

സാങ്കേതിക സൗകര്യങ്ങളിലെ മാറ്റങ്ങളെ കുറിച്ച് കൃത്യമായി ബോധവാന്മാരാരിയിരിക്കണമെന്നും എതിരാളികളുടെ യുദ്ധസന്നാഹങ്ങളെ കുറിച്ച് കൃത്യമായി വവിവരങ്ങൾ ശേഖരിക്കണമെന്നും കത്തിലെ നിർദ്ദേശങ്ങളിലുണ്ട്. തൊഴിൽ പരമായ കാര്യശേഷിയിൽ വ്യോമസേന ഏറെ പിന്നിലാണെന്നും നിലവിലെ അവസ്ഥയിൽ വ്യോസേനയുടെ നിലവാര തകർച്ചയ്ക്ക് കാരണം ഇതാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞിട്ടുണ്ട്.

“സൈന്യത്തിലെ ഉയർന്ന സ്ഥാനങ്ങളിലേക്കും സ്ഥാനക്കയറ്റങ്ങളിലും പക്ഷപാതിത്വപരമായാണ് നിയമനം നടക്കുന്നത്”​എന്ന് സൈനിക മേധാവി ചൂണ്ടിക്കാട്ടി. “മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളും ശാരീരിക പീഡനങ്ങളും തുടങ്ങി മനുഷ്യത്വപരമല്ലാത്ത എല്ലാ കാര്യങ്ങളും അവസാനിപ്പിക്കണമെന്നും” അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കത്ത് സൈന്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും ഇക്കാര്യത്തിൽ യാതൊരു വിശദീകരണവും നൽകാനാവില്ലെന്നും സൈനിക വക്താവ് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ