ബാബറി മസ്‌ജിദ്, രാമജന്മഭൂമി വിഷയം കോടതിക്ക് പുറത്ത് തീർപ്പാക്കുന്നതിനായി സുപ്രീം കോടതി മുന്നോട്ട വച്ച നിർദ്ദേശം ഓൾ ഇന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് (​ഏ ഐ എം പി എൽ ബി) തളളിക്കളഞ്ഞു. സുപ്രീം കോടതി വിധി മാത്രമേ അംഗീകരിക്കാനാവു എന്നും വ്യക്തമാക്കി.
“കോടതിക്കു പുറത്തുണ്ടാക്കുന്ന ഒരു തീരുമാനവും ഞങ്ങൾക്ക് സ്വീകാര്യമല്ല” എന്ന് വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന വാലി റഹ്‌മാനി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബോർഡിന്റെ രണ്ട് ദിവസം നീണ്ട നിർവാഹക സമിതിയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബറി മസ്‌ജിദ് വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനം മാത്രമേ അംഗീകരിക്കുകയുളളൂവെന്ന് ബോർഡ് നിർവാഹക സമിതിയോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. കോടതിക്ക് പുറത്ത് തീർപ്പാക്കാമെന്ന് സുപ്രീംകോടതി നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നും പ്രമേയം വ്യക്തമാക്കുന്നു.
“മതം. വികാരം” എന്നിവ വിഷയങ്ങളായതിനാൽ ബാബറി മസ്‌ജിദ് , രാമജന്മഭൂമി വിഷയം കോടതിക്ക് പുറത്ത് ചർച്ചകളിലൂടെ പരിഹരിക്കുന്നതിനായുളള നിർദേശം മാർച്ച് 21 നാണ് സുപ്രീംകോടതി മുന്നോട്ട് വച്ചത്.
ശരി​അത്ത് നിയമത്തിന് വിരുദ്ധമായി തലാഖ് ചൊല്ലുന്നവർ സാമൂഹികമായ ബഹിഷ്ക്കരണം നേരിടേണ്ടി വരുമെന്ന് വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. മുസ്ലിങ്ങൾക്ക് വ്യക്തിനിയമം പിന്തുടരാനുളള ഭരണഘടനാപരമായ അവകാശം ഉണ്ട്. തലാഖ് സംബന്ധിച്ച് പെരുമാറ്റച്ചട്ടം ഉണ്ടാക്കുമെന്നും റഹ്‌മാനി പറഞ്ഞു. “പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ ഇത് സംബന്ധിച്ച് യഥാർത്ഥ ചിത്രം വ്യക്തമാകും. ശരിഅത്ത നിയമപ്രകാരമല്ലാതെ തലാഖ് അനുവദിച്ചാൽ അതിൽ ഉൾപ്പെടുന്നവരെ സാമൂഹികമായി ബഹിഷിക്കരിക്കും” അദ്ദേഹം വ്യക്തമാക്കി.
വെളളിയാഴ്ച ഈ​ പെരുമാറ്റച്ചട്ടം പളളികളിൽ വായിക്കണമെന്നും ഇതിന്റെ നടപ്പാക്കലിന് ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ശരി​അത്ത് നിയമത്തിലുളള ഒരുവിധത്തിലുളള കൈകടത്തലും അനുവദിക്കില്ല. രാജ്യത്തെ ഭൂരിപക്ഷം മുസ്ലിം വിശ്വാസികളും വ്യക്തിനിയമത്തിൽ മാറ്റം ആവശ്യപ്പെടുന്നില്ലെന്നും റഹ്‌മാനി അവകാശപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook