മുംബൈ: മഹാരാഷ്ട്രയിൽ കര്‍ഷകരുടെ രണ്ടാം ലോങ് മാർച്ച് പ്രയാണം ആരംഭിച്ചു. നാസിക് ഹൈവേയിൽ പ്രവേശിച്ച കർഷകരുടെ സംഘം മുംബൈ ലക്ഷ്യമാക്കി നടക്കുകയാണ്. മാർച്ചിന്റെ തുടക്കത്തിൽ 7500ല്‍ അധികം വരുന്ന കര്‍ഷകരാണ് അണിനിരന്നത്. ഫെബ്രുവരി 27 ന് മാർച്ച് മുംബൈയിൽ എത്തും.

അതേസമയം, നാസിക്കിൽ നിന്നും മുംബൈയിലേക്ക് എത്തുമ്പോഴേക്കും കർഷകരുടെ എണ്ണം അരലക്ഷം കവിയുമെന്നാണ് അഖിലേന്ത്യാ കിസാൻ സഭാ നേതാവ് അശോക് ധാവ്‌ലെ പറഞ്ഞത്. കർഷക മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. പക്ഷെ മാർച്ചുമായി മുന്നോട്ട് പോകാൻ തന്നെയാണ് കിസാൻ സഭ നേതൃത്വം തീരുമാനിച്ചത്.

ഇതോടെ പൊലീസ് നിലപാട് അയഞ്ഞു. പൊലീസിനെ മറികടന്ന് കർഷകസംഘം മുംബൈയിലേക്ക് നടക്കുകയാണ്. കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളുക, ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുക, പെന്‍ഷനും കൃഷിക്ക് വെള്ളവും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവും സമരക്കാർക്കുണ്ട്.

ആദ്യഘട്ട സമരം ഒത്തുതീർത്ത് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് അതിശക്തമായ രണ്ടാം ഘട്ട സമരം ആരംഭിച്ചിരിക്കുന്നത്. ഒന്നാം ഘട്ടസമരത്തിൽ അരലക്ഷം പേരെ അണിനിരത്തിയിരുന്നു.

കര്‍ഷകര്‍ ഒത്തുകൂടുന്ന മുംബൈയിലെ മൈതാനത്തും വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ആദ്യ ലോങ് മാർച്ചിന് ഇന്ത്യയൊട്ടാകെ വൻ ജനപിന്തുണ ലഭിച്ചിരുന്നു. ഇത് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കി. കര്‍ഷകരും ആദിവാസികളുമാണ് ഇത്തവണ സമരത്തിൽ അണിനിരക്കുന്നത്.

കഴിഞ്ഞ തവണ ഇതേ പാതയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ ഊർജ്ജമാണ് ഇവരെ നയിക്കുന്നത്. കഴിഞ്ഞ മാർച്ചിന് ശേഷം സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിഷേധത്തിലേക്ക് എത്തിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook