ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്ന് കർഷകരും തൊഴിലാളികളും പാാർലമെന്റ് മാർച്ച് നടത്തും. സിപിഎമ്മിന്റെ പോഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെയും തൊഴിലാളി സംഘടനയായ സിഐടിയുവിന്റെയും നേതൃത്വത്തിലാണ് മാർച്ച്.

ഉൽപാദന ചെലവിന്‍റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കുക,  കാര്‍ഷിക കടങ്ങൾ എഴുതി തള്ളുക തുടങ്ങി നിരവധി ആവശ്യങ്ങളാണ്  ഇവർ മുന്നോട്ട് വച്ചിരിക്കുന്നത്. ബാങ്കിങ്, ഇൻഷുറൻസ്, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, സ്കൂൾ അധ്യാപകർ, തപാൽ-ടെലികോം ജീവനക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളുടെ പിന്തുണയും പ്രാതിനിധ്യവും റാലിക്കുണ്ടാകും.

രാംലീല മൈതാനിയിൽനിന്ന് രാവിലെ ഒമ്പതിന‌് ആരംഭിക്കുന്ന റാലി പാർലമെന്റിനുമുന്നിൽ പൊതുയോഗത്തോടെ അവസാനിക്കും. മൂന്നുലക്ഷത്തോളംപേർ അണിനിരക്കുമെന്ന് കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള, സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എ.വിജയരാഘവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നവംബറിൽ രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളിൽ നിന്നും ഡൽഹിയിലേക്ക് അഖിലേന്ത്യ കിസാൻ സഭയും സിഐടിയുവും നടത്തുന്ന ലോങ് മാർച്ചിന് മുന്നോടിയായാണ് ഇന്നത്തെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ