Prevention of Mucormycosis, Guidelines: ന്യൂഡൽഹി: കോവിഡ് വാർഡുകളിൽ ബ്ലാക്ക് ഫംഗസ് ബാധ (Black Fungus) നേരത്തെ കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമുളള മാർഗനിർദേശങ്ങൾ പുറത്തിറക്കി എയിംസിന്റെ ആർപി സെന്റർ ഫോർ ഒഫ്താൽമിക് സ്റ്റഡീസ്. കോവിഡ് വാർഡിലെ അപകടസാധ്യത കൂടിയ രോഗികളെ തിരിച്ചറിയുന്നതിനും, കൂടാതെ രോഗികളിലും അവരെ പരിചരിക്കുന്നവരിലും നേരത്തെ ബ്ലാക്ക് ഫംഗസ് കണ്ടെത്തുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മാർഗനിർദേശത്തിലുണ്ട്.
സ്റ്റിറോയിഡ് നൽകിയ രോഗികളിൽ, പ്രത്യേകിച്ച് പ്രമേഹം, അർബുദം എന്നിവ അനുഭവിക്കുന്നവരിൽ ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കര്‍മൈക്കോസെസ് രോഗം (Mucormycosis) കണ്ടു വരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. പ്രമേഹവും അണുബാധയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
High Risk Groups: ഉയർന്ന അപകടസാധ്യതയുളള കോവിഡ് രോഗികളെ തിരിച്ചറിയാൻ ഡോക്ടർമാരോട് നിർദേശിക്കുന്നത്
- നിയന്ത്രിതമല്ലാത്ത പ്രമേഹം, ഡയബറ്റിക് കെറ്റോയാസിഡോസിസ്, സ്റ്റിറോയിഡുകൾ അല്ലെങ്കിൽ ടോസിലിസുമാബ് തുടങ്ങിയ മരുന്നുകള്‍ എടുക്കുന്ന പ്രമേഹ രോഗികൾ
- ഇമ്മ്യൂണോസപ്രസന്റ്സ് അല്ലെങ്കിൽ ആന്റി കാൻസർ ചികിത്സയിലുള്ള രോഗികൾ, നീണ്ട കാലമായി എന്തെങ്കിലും രോഗം ഉള്ളവര്‍
- ഉയർന്ന ഡോസ് സ്റ്റിറോയിഡുകൾ അല്ലെങ്കിൽ ദീർഘനാളായി സ്റ്റിറോയിഡുകൾ എടുക്കുന്നവർ
- ഗുരുതരമായ കോവിഡ് കേസുകൾ
- ഓക്സിജൻ പിന്തുണയിൽ, വെന്റിലേറ്ററിൽ കഴിയുന്ന രോഗികൾ
ഉയർന്ന അപകടസാധ്യതയുള്ള ഈ രോഗികളുടെ എല്ലാ പരിശോധനയും നടത്താൻ നേത്രരോഗവിദഗ്‌ധരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസ്ചാർജ് ചെയ്യുന്ന സമയം വരെ ആഴ്ച തോറുമുള്ള പരിശോധനകൾ നടത്തണം. ആറ് ആഴ്ചവരെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അല്ലെങ്കിൽ മൂന്നു മാസം വരെ ഓരോ മാസത്തിലൊരിക്കലും രോഗിയുടെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ച് ഫോളോ-അപ്പ് പരിശോധന ചെയ്യണമെന്നും മാർഗനിർദേശത്തിലുണ്ട്.
Also Read: കോവിഡ് -19 രോഗികൾക്കു ഭീഷണിയായി ‘കറുത്ത ഫംഗസ്’; എന്താണ് രോഗം, ചികിത്സ എന്ത്?
രോഗികളും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടത്
- അസാധാരണമായ കറുത്ത പാടുകൾ അല്ലെങ്കിൽ മൂക്കിൽ നിന്ന് രക്തസ്രാവം
- മൂക്കിലെ തടസ്സം
- തലവേദന, കണ്ണുവേദന
- കണ്ണിനു ചുറ്റും വീക്കം, ഇരട്ട കാഴ്ച, കണ്ണിലെ ചുവപ്പ്, കാഴ്ച നഷ്ടമാവുക, കണ്ണ് അടയ്ക്കാൻ ബുദ്ധിമുട്ട്, കണ്ണ് തുറക്കാൻ കഴിയാത്തത്
- മുഖത്ത് മരവിപ്പ്, ചവയ്ക്കുന്നതിനോ വായ തുറക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട്
പതിവായി എല്ലാവരും സ്വയം പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ ഒരു ഇഎൻടി ഡോക്ടറെയോ നേത്രരോഗവിദഗ്‌ധനെയോ കാണണം. സ്റ്റിറോയിഡുകൾ, ആന്റിബയോട്ടിക്കുകൾ അല്ലെങ്കിൽ ആന്റിഫംഗൽ മരുന്നുകൾ എന്നിവ സ്വയം കഴിക്കരുത്.