ന്യൂഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ചില സെർവറുകൾ ഹാക്ക് ചെയ്തത് മറ്റൊരു രാജ്യത്ത് നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സൈബർ ആക്രമണം നടന്നത് ഇന്ത്യയ്ക്കു പുറത്തുനിന്നാണ്. വിദേശ ആക്രമണം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
നവംബർ 23 ന് ഉച്ചയ്ക്ക് 2.43 ആണ് സൈബർ ആക്രമണം നടന്നത്. എയിംസിന്റെ അഞ്ചോളം സെർവറുകളിലേക്കും അവയിലെ എൻക്രിപ്റ്റ് ചെയ്ത ഡാറ്റയിലേക്കും ഹാക്കർമാർ പ്രവേശനം നേടി. സെർവറുകളിലെ ഡാറ്റ അവർ എൻക്രിപ്റ്റ് ചെയ്തുകഴിഞ്ഞാൽ, അതിനർത്ഥം എയിംസിന് ഇനി അതിലേക്ക് ആക്സസ് ഇല്ലെന്നാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ മാസമാണ് സൈബർ ആക്രമണം ഉണ്ടായത്. ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള കോടിക്കണക്കിന് രോഗികളുടെ വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും വ്യക്തിഗത വിവരങ്ങളും, രക്തദാതാക്കൾ, ആംബുലൻസുകൾ, വാക്സിനേഷൻ, പരിചരണം നൽകുന്നവർ, ജീവനക്കാരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവയെക്കുറിച്ചുള്ള അഡ്മിനിസ്ട്രേറ്റീവ് റെക്കോർഡുകളും ഹാക്കർമാർ ചോർത്തിയിരുന്നു. ഏകദേശം 3-4 കോടി രോഗികളുടെ രേഖകൾ അപഹരിക്കപ്പെട്ടതായി സംശയിക്കുന്നുണ്ട്. ഡാറ്റ പുനഃസ്ഥാപിച്ചുവെന്ന് എയിംസ് നേരത്തെ പറഞ്ഞിരുന്നെങ്കിലും, അതിന്റെ നിരവധി സിസ്റ്റങ്ങൾ ഓഫ്ലൈനിൽ തുടരുകയാണ്.
അതിനിടെ, രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) സൈബർ ആക്രമണത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം അവസാനിപ്പിച്ചതായാണ് സൂചന. ഡൽഹി പൊലീസ്, ഇന്റലിജൻസ് ബ്യൂറോ, സിബിഐ, ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏജൻസികൾക്കൊപ്പം എൻഐഎയും അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്.
സെർവറുകൾ രൂപകൽപ്പന ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഒരു സ്വകാര്യ കമ്പനിയുടെ സേവനം എയിംസ് ഉപയോഗിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഓഡിറ്റുകൾ നേരിടേണ്ട കേന്ദ്രത്തിന്റെ നയപരമായ മാറ്റത്തിന് ഇത് കാരണമായേക്കും.
ഈ വർഷം നവംബർ 2 വരെ ഇന്ത്യയിലെ ആരോഗ്യ മേഖല 1.9 ദശലക്ഷം സൈബർ ആക്രമണങ്ങൾ നേരിട്ടുവെന്ന് സൈബർ സെക്യൂരിറ്റി തിങ്ക് ടാങ്ക് സൈബർപീസ് ഫൗണ്ടേഷനും ഓട്ടോബോട്ട് ഇൻഫോസെക്കും വ്യാഴാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ കാണിക്കുന്നു. വിയറ്റ്നാം, പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്ന് 40,000-ലധികം ഐപി വിലാസങ്ങളിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.