Latest News

‘രാഹുലിനൊപ്പം’; ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് ജ്യോതിരാദിത്യ സിന്ധ്യ

പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ

Scindia Resigns Congress

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് ജ്യോതിരാദിത്യ സിന്ധ്യ. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് സിന്ധ്യ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ രാജി തുടരുകയാണ്. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. നേട്ടം ഒരു സീറ്റില്‍ മാത്രം ഒതുങ്ങി. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയാകട്ടെ പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമായ അമേഠിയില്‍ തോല്‍ക്കുകയും ചെയ്തു. ഇതെല്ലാമാണ് സിന്ധ്യയുടെ രാജിയ്ക്ക് കാരണം. കിഴക്കന്‍ യുപിയുടെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി.

Read Also: ‘നമ്മളില്ലേ’; മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്ന് ഖാര്‍ഗെ, എല്ലാം ശരിയാകുമെന്ന് വേണുഗോപാല്‍

സിന്ധ്യ-പ്രിയങ്ക സഖ്യം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം കൈവരിക്കാന്‍ സഹായകമാകുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പേ കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച സാഹചര്യത്തില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പുതിയ അധ്യക്ഷനാകാന്‍ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിന്ധ്യയുടെ പേരും അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സിന്ധ്യ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി രാഹുൽ അറിയിച്ചു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചില്ല.

പുതിയ അധ്യക്ഷനെ പാർട്ടി അധികം വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. അടുത്ത അധ്യക്ഷനെ ഞാൻ തന്നെ തിരഞ്ഞെടുക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടു. പുതിയ ഒരാൾ പാർട്ടിക്ക് നേതൃത്വം നൽകുന്നത് പ്രധാനമാണെങ്കിലും, ആ വ്യക്തിയെ ഞാൻ തിരഞ്ഞെടുക്കുന്നത് ശരിയല്ല. ധൈര്യത്തോടും സ്നേഹത്തോടും വിശ്വസ്തതയോടും കൂടി തങ്ങളെ നയിക്കാൻ കഴിയുന്ന വ്യക്തിയെ പാർട്ടി തിരഞ്ഞെടുക്കുമെന്ന വിശ്വാസമുണ്ടെന്നും രാഹുൽ കുറിച്ചു.

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Aicc general secretary jyotiraditya scindia resigns congress

Next Story
‘നമ്മളില്ലേ’; മുഖ്യമന്ത്രിയാകാന്‍ ഇല്ലെന്ന് ഖാര്‍ഗെ, എല്ലാം ശരിയാകുമെന്ന് വേണുഗോപാല്‍CBI director, Rishi Kumar Shukhla, New CBI director, CBI director Rishi Kumar Shukla, Mallikarjun Kharge, Narendra Modi, Ranjan Gogoi, IPS Rishi Kumar Shukla, new CBI chief, CBI chief, India news, Indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com