ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ എഐഎഡിഎംകെ പാർട്ടി ലയനത്തിനുള്ള സാധ്യതകൾ ശക്തമായി. ജയലളിതയുടെ തോഴി ശശികലയുടെ അനന്തിരവൻ ടി.ടി.വി.ദിനകരൻ പാർട്ടിയിൽ സ്വാധീനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇത്.

ഒരു ഘട്ടത്തിൽ അലസിപ്പിരിഞ്ഞ എടപ്പാടി പളനിസ്വാമി-ഒ.പനീർശെൽവം വിഭാഗങ്ങളുടെ ചർച്ചയാണ് വീണ്ടും സജീവമായിരിക്കുന്നത്. പാർട്ടിയിൽ ശശികലയും ടിടിവി ദിനകരനും സ്വാധീനം ചെലുത്താൻ നടത്തുന്ന ശ്രമങ്ങളെ ദുർബലപ്പെടുത്താനാണ് ഇരുപക്ഷവും ഒന്നിക്കുന്നതെന്നാണ് വിലയിരുത്തൽ.

ശശികലയുടെ ജനറൽ സെക്രട്ടറി സ്ഥാനം താൽക്കാലികമാണെന്ന് വ്യക്തമാക്കി അണ്ണാ ഡിഎംകെ (അമ്മ) പക്ഷം പ്രമേയം പാസാക്കിയിട്ടുണ്ട്. ദിനകരന്റെ തീരുമാനങ്ങൾ പാർട്ടിയുടേതല്ലെന്നും പുതിയ ഭാരവാഹികളുമായി പാർട്ടിക്കു ബന്ധമില്ലെന്നും പ്രമേയത്തിൽ പറയുന്നു. ഇതോടെ ദിനകരന്റെ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നു.

ഇതിന് പിന്നാലെയാണ് പളനിസ്വാമി-പനീർശെൽവം പക്ഷങ്ങളുടെ ലയനസാധ്യത വീണ്ടും സജീവമായതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. അടുത്ത ആഴ്ച ലയന പ്രഖ്യാപനം നടത്താനും ഇതിനായി രണ്ടു നേതാക്കളും യോജിച്ച് ചർച്ച നടത്താനും തീരുമാനിച്ചതായാണ് വിവരം.

പനീർശെൽവത്തിന് പാർട്ടി ജനറൽ സെക്രട്ടറി പദവും ഉപമുഖ്യമന്ത്രി പദവും നൽകാനും പളനിസ്വാമി മുഖ്യമന്ത്രിയായി തുടരാനുമാണ് തീരുമാനം. പനീർശെൽവം പക്ഷത്തെ രണ്ട് പേർക്ക് മന്ത്രിസഭയിൽ ഇടം നൽകും. ഇതിനായി നിലവിലെ രണ്ട് മന്ത്രിമാരെ ഒഴിവാക്കും.

തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരിടവേളയ്ക്ക് ശേഷം ടിടിവി ദിനകരനാണ് കരുനീക്കങ്ങളുമായി മുന്നോട്ട് വന്നത്. 45 പേർക്ക് എഐഎഡിഎംകെ വിഭാഗത്തിൽ നേതൃപദവി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ദിനകരൻ പക്ഷത്തിന്റെ നീക്കം. ഇത് പളനിസ്വാമി പക്ഷത്തിന് കടുത്ത അതൃപ്തി സൃഷ്ടിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook