ചെന്നൈ: അണ്ണാ ഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറി ശശികലയെ പാർട്ടിയിൽനിന്ന് പുറത്താക്കി. ടി.ടി.വി.ദിനകരനെയും വെങ്കിടേഷിനെയും പുറത്താക്കി. ശശികലയുടെ അനന്തരവനായ ടി.ടി.വി.ദിനകരനെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്. പനീർസെൽവം പക്ഷത്തെത്തിയ എഐഎഡിഎംകെ പ്രസീഡിയം ചെയർമാൻ ഇ.മധുസൂദനൻ ഇക്കാര്യങ്ങൾ വിശദീകരിച്ച് വാർത്താ കുറിപ്പ് പുറത്തിറക്കി.

ഭരണഘടന പ്രകാരം അഞ്ചു വർഷം പാർട്ടി അംഗമായിരുന്ന വ്യക്തിയെ മാത്രമേ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയമിക്കാൻ സാധിക്കൂ. ടി.ടി.വി.ദിനകരനെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയത് നിയമവിരുദ്ധമാണെന്നും മധുസൂദനൻ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നാളെ നിയമസഭയിൽ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് പനീർസെൽവം പക്ഷത്തിന്റെ പുതിയ നീക്കം.

പനീർസെൽവത്തിനു പിന്തുണ നൽകിയതിനെത്തുടർന്ന് മധുസൂദനനെ പ്രസീഡിയം ചെയർമാൻ സ്ഥാനത്തുനിന്നും ശശികല മാറ്റിയിരുന്നു. സെങ്കോട്ടയ്യനാണ് പുതിയ ചുമതല നൽകിയത്. ഇടക്കാല ജനറൽ സെക്രട്ടറി എന്ന പദവി എഐഎഡിഎംകെയിൽ ഇല്ല. പുതിയ ജനറൽ സെക്രട്ടറിക്ക് മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളിൽനിന്നും നീക്കാൻ കഴിയൂ. അതിനാൽതന്നെ ശശികലയ്ക്ക് തങ്ങളെ പുറത്താക്കാൻ കഴിയില്ലെന്നാണ് മധുസൂദനൻ അടക്കമുളള അംഗങ്ങളുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ