തമിഴ്നാട്ടിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് ഭരണകക്ഷിയായ എഐഎഡിഎംകെ. ആറുമാസത്തിനുള്ളിൽ തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് എഐഎഡിഎംകെ നേതാക്കൾ കൂടിയായ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉപമുഖ്യമന്ത്രി ഒ പന്നീർസെൽവം എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത സർക്കാർ ചടങ്ങിലാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. എഐഎഡിഎംകെ- ബിജെപി സഖ്യം കൂടുതൽ സീറ്റുകൾ നേടുമെന്നും സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്നും തനിക്ക് വിശ്വാസമുണ്ടെന്ന് പളനിസ്വാമി പറഞ്ഞു.
Read More: ബിജെപിക്കെതിരെ കോൺഗ്രസ് ക്രിയാത്മക പ്രതിപക്ഷമല്ല; വീണ്ടും രൂക്ഷ വിമർശനവുമായി കപിൽ സിബൽ
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മോശം പ്രകടനത്തെത്തുടർന്ന് എഐഎഡിഎംകെ, ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ഊഹാപോഹങ്ങളുയർന്നിരുന്നു. അടുത്തിടെ നടന്ന വെട്രിവൽ യാത്ര വിവാദത്തിൽ ഇരു ക്യാമ്പുകളിലെയും നേതാക്കൾ പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിരുന്നു.
67,378 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് അമിത് ഷാ ശനിയാഴ്ച ചെന്നൈയിൽ എത്തിയത്. പളനിസ്വാമിയുടെയും പനീർസെൽവത്തിന്റെയും നേതൃത്വത്തിൽ തമിഴ്നാട് വലിയ പുരോഗതി കൈവരിച്ചതായി ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച അമിത് ഷാ പറഞ്ഞു.