ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ എഐഎഡിഎംകെ പക്ഷങ്ങൾ യോജിപ്പിലേക്ക്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ 20 മന്ത്രിമാർ ചേർന്നെടുത്ത തീരുമാനങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്ന് ടിടിവി ദിനകരൻ വ്യക്തമാക്കി. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും രാഷ്ട്രീയ യുദ്ധത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി പൊലീസ് ലുക്കൗട്ട് നൊട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

തിരഞ്ഞെടുപ്പ് കമ്മിഷന് കോഴ വാഗ്ദാനം ചെയ്ത സംഭവത്തെ തുടർന്നാണ് എഐഎഡിഎംകെ യുടെ കെട്ടുറപ്പിൽ വീണ്ടും വിള്ളൽ വീണത്. പാർടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായിരുന്ന ടിടിവി ദിനകരനെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ദിനകരനെ പുറത്താക്കാനും വിമത വിഭാഗമായ പനീർശെൽവത്തെ ഒപ്പം കൂട്ടാനും പളനിസ്വാമിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ശ്രമം നടത്തിയിരുന്നു.

എന്നാൽ ശശികലയെയും കുടുംബത്തെയും പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണമെന്ന നിലപാടിൽ പനീർശെൽവം ഉറച്ചുനിന്നു. ഒടുവിൽ ഇന്നലെ രാത്രി ശശികലയെയും ദിനകരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി പളനിസ്വാമിയും സംഘവും പുതിയ രാഷ്ട്രീയ നീക്കം നടത്തി. ഇതിന് പിന്നാലെ എംഎൽഎ മാരുടെ യോഗം വിളിച്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടാൻ സാധ്യതയുണ്ടെന്ന നിഗമനത്തെ തുടർന്നാണ് ദിനകരനെതിരെ ലുക്കൗട്ട് നൊട്ടീസ് പുറപ്പെടുവിച്ചത്.

എന്നാൽ ഇന്ന് മാധ്യമങ്ങൾക്ക് മുൻപിൽ വന്ന ദിനകരൻ തന്റെ പാസ്‌പോർട്ട് സർക്കാരിന്റെ പക്കലാണെന്നും അതില്ലാതെ താൻ എങ്ങിനെ രാജ്യം വിടുമെന്നും ചോദിച്ചു. രാഷ്ട്രീയ യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എഐഎഡിഎംകെ ശശികല പക്ഷത്തിന് രണ്ടില ചിഹ്നം ലഭിക്കുന്നതിനായാണ് ദിനകരൻ തിരഞ്ഞെടുപ്പ് കമ്മിഷനെ കോഴ നൽകിയതെന്നാണ് പൊലീസ് കണ്ടെത്തൽ. വിമാനത്താവളങ്ങളിലും റയിൽവേ സ്റ്റേഷനുകളിലും ലുക്കൗട്ട് നോട്ടീസ് പതിക്കും.

തമിഴ്നാട് രാഷ്ട്രീയത്തിൽ എഐഎഡിഎംകെ വീണ്ടും പിളർപ്പിലേക്കെന്നാണ് സൂചനയുള്ളത്. വിമത വിഭാഗമായ ഒ.പനീർശെൽവത്തെയും ഒപ്പമുള്ളവരെയും പാർട്ടിയിലേക്ക് തിരികെയെത്തിക്കാനുള്ള എഐഎഡിഎംകെ പളനിസ്വാമി വിഭാഗത്തിന്റെ ശ്രമം പാർട്ടിയിൽ നിന്ന് ശശികലയെയും കുടുംബത്തെയും പുറത്താക്കിയിരുന്നു.

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എഐഎഡിഎംകെ യിലെ എംഎൽഎമാരുടെയും ജില്ല സെക്രട്ടറിമാരുടെയും യോഗം ദിനകരൻ ചെന്നൈയിലെ തന്റെ വസതിയിൽ വിളിച്ചുചേേർത്തതായി റിപ്പോർട്ടുകളുണ്ട്. ഈ ഘട്ടത്തിലാണ് ദിനകരനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎ മാരുടെയും ജില്ല സെക്രട്ടറിമാരുടെയും പിന്തുണ തനിക്കാണെന്നാണ് ദിനകരൻ വ്യക്തമാക്കിയിട്ടുണ്ട്.

ജയലളിത മരിച്ചതിനെ തുടർന്ന് ഒഴിവു വന്ന ആർകെ നഗർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പാണ് വീണ്ടും എഐഎഡിഎംകെയിൽ വിള്ളലുണ്ടാക്കിയത്. ഇവിടെ പാർട്ടി ചിഹ്നം ലഭിക്കാതെ വന്നതിനെ തുടർന്ന് വിജയിക്കാൻ ദിനകരൻ നടത്തിയ ശ്രമങ്ങളാണ് വിള്ളൽ വീഴ്ത്തിയത്.

തിരഞ്ഞെടുപ്പ് കമ്മിഷന് ഇതിനായ പണം വാഗ്ദാനം ചെയ്തതിന് ഡൽഹി പൊലീസ് ദിനകരനെതിരെ കേസ് രജിസ്റ്റർ ചെ്യ്തിരുന്നു. ഇതേ തുടർന്നാണ് ദിനകരനെ പുറത്താക്കണമെന്ന ആവശ്യം എഐഎഡിഎംകെ യിൽ ഉയർന്നുവന്നത്.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ 20 മന്ത്രിമാർ യോഗം ചേർന്നാണ് പാർടി ജനറൽ സെക്രട്ടറിയായ വി.കെ.ശശികലയെയും ദിനകരനെയും പുറത്താക്കാനുള്ള തീരുമാനമെടുത്തത്.

അതേസമയം ഒ.പനീർശെൽവം പക്ഷവുമായി യോജിക്കാനുള്ള സാധ്യതകൾ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ മന്ത്രി ജയകുമാർ വ്യക്തമാക്കിയിരുന്നില്ല. നിലവിൽ എഐഎഡിഎംകെ മൂന്നായി പിളർന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എടപ്പാടി പളനിസ്വാമി പക്ഷവും ഒ.പനീർശെൽവം പക്ഷവും യോജിച്ചാൽ തമിഴ്നാട് ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ മാറ്റമാകും അത്. എന്നാൽ തിരികെ വരുന്ന പനീർശെൽവത്തിന് പാർട്ടിയിലും മന്ത്രിസഭയിലും എന്ത് സ്ഥാനം നൽകുമെന്ന പ്രതിസന്ധിയും നേതാക്കൾക്ക് ഇടയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ