ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിന് ഭരണകക്ഷി സ്വതന്ത്ര എംഎല്‍എയും നടനുമായ കരുണാസ് അറസ്റ്റില്‍. സാലിഗ്രാമത്തിലെ വസതിയില്‍വച്ചാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമെതിരേ അപകീര്‍ത്തികരമായി സംസാരിച്ചുവെന്ന ആരോപണത്തിലാണ് കരുണാസിനെതിരേ നുങ്കംപാക്കം പൊലീസ് കേസെടുത്തിരുന്നത്.
ശശികലയുടെ വിശ്വസ്തനായത് കൊണ്ട് മാത്രമാണ് എടപ്പാടി മുഖ്യമന്ത്രിയായത് എന്ന പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. സര്‍ക്കാരിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. കരുണാസിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രാമനാഥപുരം ജില്ലയിലെ തിരുവദനൈ മണ്ഡലത്തിലെ എംഎല്‍എയാണ് കരുണാസ്.
മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നുങ്കംപാക്കം പൊലീസാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.