ചെന്നൈ: തമിഴ്നാട്ടിലെ എംഎൽ​എമാരെ അയോഗ്യരാക്കിയ സംഭവുമായി ബന്ധപ്പെട്ട കേസിൽ ജഡ്‌ജിമാർ തമ്മിൽ ഭിന്നത. ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി സ്‌പീക്കറുടെ നടപടി ശരിവച്ചു. എന്നാൽ ജസ്റ്റിസ് എം.സുന്ദർ അതിനോട് വിയോജിച്ചു. ഇതോടെ കേസ് മറ്റൊരു ബെഞ്ചിന് വിട്ടു.

പതിനെട്ട് എംഎൽഎമാരെയാണ് സ്‌പീക്കർ ധനപാൽ അയോഗ്യരാക്കിയത്. പാർട്ടി വിരുദ്ധ​പ്രവർത്തനത്തിന്റെ പേരിലാണ് ടി.ടി.വി.ദിനകരനെ അനുകൂലിക്കുന്ന പതിനെട്ട് എഐഎഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കിയത്.  ഭരണഘടനയുടെ പത്താം  ഷെഡ്യൂൾ അനുസരിച്ചാണ് അയോഗ്യത പ്രഖ്യാപിച്ചതെന്നായിരുന്നു  ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം.

മൂന്നാമതൊരു ജഡ്‌ജി ഈ കേസ് കേൾക്കും. ഈ കേസിൽ വിധി വരുന്നത് വരെ  പതിനെട്ട് മണ്ഡലങ്ങളിൽ  ഉപതിരഞ്ഞെടുപ്പുകളോ വിശ്വാസവോട്ടെടുപ്പോ പാടില്ലെന്നും കോടതി വ്യക്തമാക്കി. പതിനെട്ട് എംഎൽഎമാരെ അയോഗ്യരാക്കിയ സ്‌പീക്കർ പി.ധനപാലിന്റെ നടപടിയെ എതിർത്തുകൊണ്ടാണ് ഈ​ പരാതികൾ കോടതിയിലെത്തിയത്.

മുഖ്യമന്ത്രി എടപ്പാടി കെ.പളനസ്വാമിയ്‌ക്കും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനും പിന്തുണ പിൻവലിച്ചവരാണ് ഈ പതിനെട്ട് എംഎൽഎമാർ. ഇവർ ശശികലയുടെ ബന്ധുവായ ദിനകരനെ അനുകൂലിക്കുന്നവരാണ്.

തമിഴ്നാട് നിയമസഭയിലെ 234 സീറ്റുകളിൽ 116 എംഎൽഎമാരാണ് എഐഎഡിഎംകെയ്‌ക്കുളളത്. പ്രതിപക്ഷത്തിന് ഡിഎംകെയുടെ 89 എംഎൽഎമാരുൾപ്പടെ 98 പേരാണുളളത്. ഇതിൽ പ്രതിപക്ഷത്ത് കോൺഗ്രസിന് എട്ടും മുസ്‌ലിം ലീഗിന് ഒന്നും എംഎൽഎമാരാണ് ഉളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ