ചെന്നൈ: തമിഴ്നാട്ടില്‍ ഇടഞ്ഞ് നില്‍ക്കുന്ന അണ്ണാ ഡി.എം.കെ ഒ.പി.എസ് പക്ഷവും ഇ.പി.എസ് പക്ഷവും ഒന്നായി. പാര്‍ട്ടിയില്‍ നിന്നും ജനറല്‍ സെക്രട്ടറിയായ വികെ ശശികലയെ പുറത്താക്കാന്‍ തീരുമാനമായതോടെ ഇരു നേതാക്കളും ലയനപ്രഖ്യാപനം നടത്തി. പാര്‍ട്ടി ആസ്ഥാനത്ത് ഇരുനേതാക്കളും കൈകൊടുത്തു.

ഇരു പക്ഷത്തേയും പ്രമുഖ നേതാക്കൾ അണ്ണാ ഡിഎംകെ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്. തുടര്‍ന്ന് പന്നീര്‍സെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ധനമന്ത്രി സ്ഥാനവും പന്നീര്‍സെല്‍വത്തിനാണ്. പന്നീര്‍സെല്‍വത്തിന്റെ ഒരു വിശ്വസ്തനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

തങ്ങളുടെ ആദ്യ പരിഗണന നഷ്ടപ്പെട്ട പാര്‍ട്ടി ചിഹ്നമായ രണ്ടി തിരിച്ചെടുക്കല്‍ ആയിരിക്കുമെന്ന് ലയനത്തിന് ശേഷം ഇ പളനിസ്വാമി പറഞ്ഞു. “അമ്മ നല്‍കിയ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നിറവേറ്റും. തനിക്ക് ശേഷം 100 വര്‍ഷക്കാലം എഐഎഡിഎംകെ നിലനില്‍ക്കുമെന്നാണ് അമ്മ പറഞ്ഞത്. അതിന്റെ യാഥാര്‍ത്ഥ്യത്തിന് വേണ്ടി ഞങ്ങല്‍ പ്രവര്‍ത്തിക്കും,” പളനിസ്വാമി വ്യക്തമാക്കി.

ശശികലയെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്ന ആവശ്യവുമായി ഒപിഎസ് പക്ഷം ഉറച്ചു നിന്നതുമൂലമാണ് ലയന പ്രഖ്യാപനം വൈകിയത്. അനധികൃത സ്വത്ത് സന്പാദന കേസിൽ പരപ്പന അഗ്രഹാര ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ശശികല.

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ലയനത്തിന്റെ മുന്നോടിയായി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ളാദം പങ്കിട്ടു. പാര്‍ട്ടി രണ്ട് ചേരികളായതോടെ രണ്ടില ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കാണ് മുഴുവന്‍ ശ്രദ്ധയും പോകുന്നത്.

ഇരുവിഭാഗവും ലയിക്കുന്നതിനു പിന്നാലെ ബി.ജെ.പി മുന്നണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അണ്ണാ ഡി.എം.കെ നേതാക്കളായ പനീര്‍ശെല്‍വം- പളനിസാമി എന്നിവരുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം.
ലയനം കഴിയുന്നതോടെ പാര്‍ട്ടിയെ എന്‍.ഡി.എയിലേക്ക് ക്ഷണിക്കാനായിട്ടാണ് അമിത്ഷാ പ്രധാനമായും തമിഴ്‌നാട്ടില്‍ എത്തുന്നതെന്നാണ് വിവരം.

ടി.ടി.വി ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുന്നതില്‍ പളനിസാമി പക്ഷത്തെ മുതിര്‍ന്ന നേതാവ് എം. തമ്പിദുരൈയ്ക്ക് താല്‍പര്യമില്ലാത്തതാണ് ലയനം നീളാന്‍ കാരണായ കാര്യങ്ങളില്‍ ഒന്ന്. പാര്‍ട്ടി പിടിക്കാന്‍ ദിനകരന്‍ ശ്രമിക്കുന്നതിനിടയില്‍ ലയനം പ്രഖ്യാപിച്ച് ബി.ജെ.പി തണലില്‍ എന്‍.ഡി.എയ്ക്ക് ഒപ്പം ചേര്‍ന്ന് ഭരണം നടത്താനാണ് പളനിസാമിയും പനീര്‍ശെല്‍വവും താല്‍പര്യപ്പെടുന്നതെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook