ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ നടത്തിയ നിരാഹാര സമരത്തിനിടെ ബിരിയാണിയും മദ്യവും കഴിക്കുന്ന പ്രവർത്തകരുടെ ചിത്രങ്ങൾ പുറത്ത്. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാവേരി മാനേജ്മെന്റ് ബോർഡ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ ഒരു ദിവസത്തെ നിരാഹാര സമരം നടത്തിയത്. പക്ഷേ ‘നിരാഹാരം’ പേരിൽ മാത്രം ഒതുക്കി.

തമിഴ്നാട്ടിൽ ഉടനീളം അണ്ണാ ഡിഎംകെ പ്രവർത്തകർ നിരാഹാര സമരം സംഘടിപ്പിച്ചിരുന്നു. ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം എന്നിവരാണ് സമരം ഉദ്ഘാടനം ചെയ്തത്. ക്യാബിനറ്റ് മന്ത്രിമാരും നിരാഹാര സമരത്തിൽ പങ്കാളികളായി.

വെല്ലൂരിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് അണ്ണാ ഡിഎംകെ പ്രവർത്തകർ നിരാഹാര സമരം നടത്തിയത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയായിരുന്നു നിരാഹാര സമരം. എന്നാൽ ഉച്ചയായപ്പോഴേക്കും പ്രവർത്തകർക്ക് വിശപ്പ് സഹിക്കാനായില്ല. ബിരിയാണി കഴിച്ച് വയർ നിറച്ചശേഷമാണ് നിരാഹാര സമരത്തിൽ പ്രവർത്തകർ പങ്കാളികളായത്. ഇതിനിടയിൽ അടുത്തുളള ബിവറേജസ് ഔട്ട്‌ലെറ്റിൽനിന്നും പ്രവർത്തകർ മദ്യവും കഴിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പ്രവർത്തകർ ബിരിയാണി കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അതിനു മറുപടിയുമായി ചിലർ രംഗത്തെത്തി. ബിരിയാണി അല്ല തക്കാളി ചോറാണ് പ്രവർത്തകർ കഴിച്ചതെന്നായിരുന്നു വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ