ചെന്നൈ: എഐഎഡിഎംകെയുടെ പാർട്ടി ചിഹ്നം രണ്ടില തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചതിന് പിന്നാലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും പുതിയ പാര്‍ട്ടി പേരുകളായി. പനീര്‍ ശെല്‍വത്തിന്റെ വിഭാഗത്തിന് എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ എന്നാണ്. അതേസമയം എഐഎഡിഎംകെ അമ്മ എന്നാണ് ശശികലയുടെ വിഭാഗത്തിന്റെ പേര്.

ശശികല വിഭാഗത്തിന് ‘തൊപ്പി’ യും പനീര്‍ശെല്‍വം വിഭാഗത്തിന് ‘ഇലക്ട്രിക് പോസ്റ്റു’ മാണ് ചിഹ്നം അനുവദിച്ചിരിക്കുന്നത്. ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനും, ഒപിഎസ് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി എഐഎഡിഎംകെ മുന്‍ പ്രിസീഡിയം ചെയര്‍മാന്‍ ഇ.മധുസൂദനുമാണ് മത്സരിക്കുന്നത്. ഏപ്രിൽ 12നാണ് ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ജയലളിതയുടെ മരണത്തിനു ശേഷം പാർട്ടി ഒ. പനീർശെൽവത്തിന്‍റെയും ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജന്‍റെയും നേതൃത്വത്തിൽ രണ്ടു വിഭാഗങ്ങളായി പിളർന്നിരുന്നു. മുഖ്യമന്ത്രി പദത്തിനായി ഇരു വിഭാഗങ്ങളും തമ്മിൽ തർക്കവും രൂക്ഷമായിരുന്നു. ഒടുവിൽ ശശികല പക്ഷം മുഖ്യമന്ത്രി പദം പിടിച്ചെടുക്കുകയും ചെയ്തു.

പിന്നീട് പാർട്ടി ചിഹ്നത്തിന്‍റെ കാര്യത്തിലും അതാവർത്തിച്ചു. രണ്ടില ചിഹ്നം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഇരുവിഭാഗവും വാദിച്ചു. ഇതോടെയാണ് പന്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കോർട്ടിലെത്തിയത്. തുടര്‍ന്നാണ് ഇന്നലെ രണ്ടില ചിഹ്നം മരവിപ്പിക്കുകയും രണ്ട് വിഭാഗങ്ങള്‍ക്കും പേരും ചിഹ്നവും കമ്മീഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ