മുംബൈ: എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ബെംഗളൂരുവിൽ നിന്നാണ് ഇയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മിശ്ര ബംഗളൂരുവിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡൽഹി പൊലീസിന്റെ ഒരു സംഘം അവിടേക്ക് പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പിന്നാലെ മിശ്രയെ കോടതിയില്‍ ഹാജരാക്കി. പൊലീസ് കസ്റ്റഡിയുടെ ആവശ്യം എന്താണെന്ന് കോടതി ചോദിച്ചു. പൊതുജനസമ്മര്‍ദം കൊണ്ട് ചെയ്യാനാകില്ല. നിയമം അനുസരിച്ച് മുന്നോട്ട് പോകു എന്നും കോടതി അഭിപ്രായപ്പെട്ടു.
നേരത്തെ മുംബൈയിലെ മിശ്രയുടെ വസതിയിൽ പൊലീസ് എത്തിയിരുന്നുവെങ്കിലും അയാൾ അവിടെ ഇല്ലായിരുന്നു. മിശ്രയുടെ വീട് പൂട്ടിയ നിലയിലായിരുന്നു
രണ്ട് പതിറ്റാണ്ടിലേറെയായി മിശ്ര ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. ഏതാനും വർഷം മുൻപാണ് മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് യുഎസിലേക്ക് പോയത്. എങ്കിലും ഇടയ്ക്കിടെ മുംബൈയിലെ തന്റെ വീട് സന്ദർശിക്കാൻ എത്തിയിരുന്നതായി അയൽവാസികൾ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ മുതൽ മിശ്രയുടെ കുടുംബം ഇവിടെ ഇല്ല. പൊലീസ് ഏതു സമയത്തും എത്തുമെന്ന ഭയത്തെ തുടർന്ന് ഇവിടെനിന്നും മാറിയതാകാമെന്ന് ഒരു അയൽവാസി പറഞ്ഞു. ബുധനാഴ്ചയാണ് മിശ്ര അവസാനമായി വീട്ടിൽ എത്തിയതെന്ന് വീട്ടുജോലിക്കാരി സംഗീത സോനാവാനെ പറഞ്ഞു. വ്യാഴാഴ്ച ഞാൻ ജോലിക്ക് എത്തിയില്ല. അതിനാൽ അന്ന് അവർ അവിടെ ഉണ്ടായിരുന്നോ എന്നറിയില്ല. ആ കുടുംബത്തിലെ ആരും തന്നെ ഫോണിൽ വിളിച്ചിട്ടില്ലെന്നും സംഗീത പറഞ്ഞു.
കഴിഞ്ഞ വർഷം നവംബർ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. ന്യൂയോർക്കിൽനിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുള്ളിൽവച്ച് മദ്യലഹരിയിൽ മിശ്ര സഹയാത്രികയ്ക്കുമേൽ മൂത്രമൊഴിക്കുകയായിരുന്നു. എയർ ഇന്ത്യ നൽകിയ പരാതിയിൽ ബുധനാഴ്ചയാണ് ഡൽഹി പൊലീസ് കേസെടുത്തത്.
അതിനിടെ, ശങ്കര്‍ മിശ്രയെ പുറത്താക്കിയതായി യുഎസ് ഫിനാന്‍ഷ്യല്‍ സര്‍വിസ് കമ്പനിയായ വെല്‍സ് ഫാര്‍ഗോ അറിയിച്ചു. ”ഈ വ്യക്തിയെ വെല്‍ ഫാര്ഗോയില്നിന്ന് പിരിച്ചുവിട്ടു,” സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചു. പ്രൊഫഷണലും വ്യക്തിപരവുമായ പെരുമാറ്റത്തിന്റെ ഉയര്‍ന്ന നിലവാരത്തിലാണു തങ്ങളുടെ ജീവനക്കാരെ നിലനിര്‍ത്തുന്നതെന്നും ‘ഈ ആരോപണങ്ങള്‍ ആഴത്തില്‍ അസ്വസ്ഥമാക്കുന്നതായി തങ്ങള്‍ കാണുന്നുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.