പ്രണയത്തിന്രെ പേരിൽ മൂന്ന് ദലിത് യുവാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ഉൾപ്പടെ ആറ് പേരെ വധശിക്ഷയ്ക്ക് വിധിച്ചു. അഗമ്മദ് നഗറിലെ സോണായിയിൽ 2013 ൽ മൂന്ന് ദലിത് യുവാക്കളെ കൊലപ്പെടുത്തിയ കേസിൽ ആറ് പേർക്ക് വധശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിലെ നാല് പേർ ഉൾപ്പടെ ആറ് പേർക്കാണ് ശിക്ഷ.
തൃമൂർത്തി പവൻ ഫൗണ്ടേഷനിലെ ജീവനക്കാരനായിരുന്ന സച്ചിൻ ഗാരു (22) സന്ദീപ് തൻവാർ (26) രാഹുൽ കന്ദരെ (20) എന്നീ ദലിത് യുവാക്കളെയാണ് ദുരഭിമാനത്തിന്രെ പേരിൽ കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ പോപാത് ദാരന്ദ്‌ലെയുടെ പത്തൊമ്പത് വയസ്സുളള മകൾ ഈ ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർത്ഥിനിയായിരുന്നു. സച്ചിൻ ഗാരുവും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായി. പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാലായിരുന്നു എതിർപ്പ്. സച്ചിൻഗാരു വാൽമീകി സമൂദായത്തിൽപ്പെട്ടയാളും പെൺകുട്ടി മറാത്ത വിഭാഗത്തിൽപ്പെട്ടതുമായിരുന്നു.
കൊലപാതകം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ പൈശാചിക കൃത്യമായിരുന്നു. ഇത് ജാതി കലാപത്തിന് വഴി തെളിച്ചതായും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതികൾ തൻവാറിന്രെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ താഴ്ത്തുകയും ഗാരുവിന്രെ മൃതദേഹം വെട്ടിമുറിച്ചാണ് ഒളിപ്പിച്ചത്. ഇത് കുഴൽക്കിണറിൽ നിന്നാണ് ലഭിച്ചത് കന്ദരെയ്ക്കും തലയ്ക്ക് മാരകമായ മുറിവാണ് ഏറ്റത്.
തിങ്കളാഴ്ച് ഇവർ കുറ്റക്കാരാണെന്ന് ജഡ്‌ജി ആർ ആർ വൈഷ്ണവ് കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന പട്ടികജാതി/ പട്ടികവർഗ (അതിക്രമം തടയൽ) നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
തെളിവുകളുടെ അടിസ്ഥാനത്തിൽ അശോക് ഫാൽക്കെ എന്നയാളെ കോടതി വെറുതെ വിട്ടു.