അഹമ്മദാബാദ്: ഗുജറാത്തിൽ ഡിസംബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് അഹമ്മദ് പട്ടേൽ. രാജ്യസഭാ തിരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരത്തിൽ ബിജെപിയുടെ തന്ത്രങ്ങളെ മറികടന്ന് വിജയിച്ച ശേഷമാണ് മുതിർന്ന കോൺഗ്രസ് നേതാവ് ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയത്.

“രാജ്യസഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ബിജെപിയുടെ തോൽവിയാണെ”ന്ന് അഹമ്മദ് പട്ടേൽ പറഞ്ഞു. വാശിയോടെയാണ് അവർ മത്സരത്തെ സമീപിച്ചത്. അതിന്റെ ബാക്കി വരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കും” അഹമ്മദ് പട്ടേൽ പറഞ്ഞു.

കഴിഞ്ഞ 22 വർഷത്തിനിടയിൽ കോൺഗ്രസ് ഗുജറാത്തിൽ വിജയിച്ചിട്ടില്ല. ബിജെപിയുടെ ഏറ്റവും ശക്തിയേറിയ സംസ്ഥാനങ്ങളിലൊന്നായാണ് ഗുജറാത്ത് ഇന്ന് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഗുജറാത്തിൽ കോൺഗ്രസ് മടങ്ങിവരുമെന്ന് അഹമ്മദ് പട്ടേൽ പറഞ്ഞത്.

“ബിജെപിക്ക് മോദിയെയും അമിത് ഷായെയും ഭയമാണ്. കേന്ദ്ര ഏജൻസികളെ തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് ഉപയോഗിക്കുകയാണ് ഇരുവരും. രാജ്യസഭ തിരഞ്ഞെടുപ്പിനെ ബിജെപി സസമ്മർദ്ദത്തിലാക്കി. ഇതേ തുടർന്ന് എംഎൽഎമാരെ കർണ്ണാടകയിൽ താമസിപ്പിക്കേണ്ടി വന്നു. അവിടുത്തെ മന്ത്രിമാരുടെ വസതിയിൽ ആദായ നികുതി റെയ്ഡ് നടത്തിയാണ് ബിജെപി പ്രതകരിച്ചത്”, അഹമ്മദ് പട്ടേൽ പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെ ന്യൂഡൽഹിയിലെ ജന്തർമന്ദിറിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിച്ച ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അഹമ്മദ് പട്ടേൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ