ജറുസലേം: ഇസ്രയേലിനെതിരെയുള്ള പലസ്തീൻ ചെറുത്തുനിൽപ്പിന്റെ പെൺപ്രതീകം അഹദ് തമീമി ജയിൽ മോചിതയായി. കഴിഞ്ഞ വര്‍ഷം വെസ്റ്റ്ബാങ്കിലെ തന്റെ വീടിന് സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധം പ്രകടിപ്പിച്ചതിനാണ് 17കാരിയായ തമീമിക്ക് തടവ് ശിക്ഷ വിധിച്ചത്. ഇസ്രയേല്‍ സൈനികനെ തമീമി തല്ലുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ തമീമിയേയും മാതാവിനേയും ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തു.
ഇസ്രയേല്‍ സൈന്യത്തിന്റെ അധിനിവേഷം ഇല്ലാതാകുന്നത് വരെ ചെറുത്ത് നില്‍പ് തുടരുമെന്ന് തമീമി മാധ്യമങ്ങളോട് പ്രതികരിച്ചു. കല്ലേറ് നടത്തിയവർക്കു നേരെ ഇസ്രയേൽ സൈന്യം നടത്തിയ റബർ ബുള്ളറ്റ് വെടിവയ്പിൽ പതിനഞ്ചുകാരനായ ബന്ധുവിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് തമീമി സൈനികരുടെ മുഖത്തടിച്ചത്. 2017 ഡിസംബർ 19ന് തമീമിക്ക് 16 വയസുള്ളപ്പോഴായിരുന്നു സംഭവം.
പെൺകുട്ടിയുടെ നടപടിയെ ക്രിമിനൽ കുറ്റകൃത്യമായാണ് സൈനിക കോടതി വിലയിരുത്തിയത്. തുടർന്ന് എട്ടു മാസത്തെ തടവുശിക്ഷയ്ക്കും വിധിച്ചു. തമീമിയുടെ അമ്മയും ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ട് മാസം മുമ്പ് മാതാവ് മോചിതയായിരുന്നു. ശിക്ഷ പൂർത്തിയാക്കിയ അഹദിനെയും അമ്മയെയും ഇസ്രയേൽ ജയിലിൽനിന്ന് വെസ്റ്റ്ബാങ്കിലേക്ക് എത്തിച്ചു.